തിരുവന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിൽ പ്രതികരിച്ച് യുഡിഎഫ് ചെയര്‍മാന്‍ എം എം ഹസ്സൻ. എഡിജിപിയ്ക്ക് മുഖ്യമന്ത്രി കവചം ഒരുക്കി. വാദി ഇപ്പോൾ പ്രതിയായിരിക്കുന്നുവെന്ന് എംഎം ഹസ്സൻ പറഞ്ഞു. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സ്വർണകള്ളക്കടത്തുകാരുടെയും ഹവാല ഇടപാടുകാരുടെയും വക്താവാണ് അൻവറെന്ന് മുഖ്യമന്ത്രി പരോക്ഷമായി പറഞ്ഞെന്നും എംഎം ഹസ്സൻ പ്രതികരിച്ചു.
തൃശ്ശൂര്‍ പൂര വിവാദത്തിൽ വിശദമായ അന്വേഷണം വേണം. അൻവറിനെ പാർലമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കണം. മുഖ്യമന്ത്രി അതിനുള്ള ആർജ്ജവം കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പൂരം കലക്കിയതിൽ എഡിജിപി രക്ഷപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് ഈ അന്വേഷണത്തിൽ വിശ്വാസമില്ല. പൂരം കലക്കിയതിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ എഡിജിപിയെ സംരക്ഷിക്കുന്നത് എന്തിനെന്നും എംഎം ഹസ്സൻ ചോദിച്ചു.
യുഡിഎഫിൽ അൻവറിന് ഇടമില്ല. അൻവർ കോൺഗ്രസിനെ വിമർശിച്ച നേതാവാണ്. തങ്ങൾക്ക് അൻവറിനെ ആവശ്യമില്ലയെന്നും എംഎം ഹസ്സൻ പറഞ്ഞു. അൻവറിനെ ലീഗിലും സ്വാഗതം ചെയ്യില്ലയെന്നും എംഎം ഹസ്സൻ പരിഹസിച്ചു. പി വി അന്‍വര്‍ എംഎല്‍എയെ നിലമ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തെന്ന പ്രചാരണത്തോട് മുസ്ലിം ലീഗ് പ്രതികരിച്ചിരുന്നു. മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു. അതിന് ശേഷമാണ് എംഎം ഹസ്സന്റെ പരാമർശം. തൃശ്ശൂർ പൂരം കലക്കിയ വിഷയത്തിൽ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നത് ചർച്ച ചെയ്യാൻ യുഡിഎഫ് ഉടൻ യോഗം കൂടുമെന്നും അദ്ദേഹം അറിയിച്ചു.
തൃശ്ശൂർ പൂരം കലക്കിയതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ബോധപൂര്‍വമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്‌നം സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ട്. 1,300 പേജുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.
റിപ്പോർട്ട് വന്നതിന് പിന്നാലെ പി വി അന്‍വറിന്റെ നിരന്തര ആരോപണങ്ങളില്‍ വിയോജിപ്പ് അറിയിച്ച് സിപിഐഎം രംഗത്ത് എത്തിയിരുന്നു. അന്‍വര്‍ നിരന്തരം മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിക്കാനാകില്ല. അന്‍വറിന്റെ നിലപാട് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുന്നു. ഇത്തരം നിലപാടുകള്‍ തിരുത്തണം. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.