എംഎം ലോറന്‍സിന് വിട; തിങ്കളാഴ്ച കൊച്ചിയില്‍ പൊതുദര്‍ശനം, മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും

വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

dot image

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം തിങ്കളാഴ്ച കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെയാണ് പൊതുദര്‍ശനം. രാവിലെ മകന്റെ വീട്ടിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ട്. തുടര്‍ന്ന് ഒമ്പതു മണി മുതല്‍ വൈകിട്ട് നാലുമണി വരെ എറണാകുളം ടൗണ്‍ഹാളിലും ക്രമീകരിച്ചിട്ടുണ്ട്.

മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് കൈമാറാനാണ് തീരുമാനം. എം എം ലോറന്‍സിന്റെ ആഗ്രഹപ്രകാരം കുടുംബമാണ് ഇക്കാര്യം അറിയിച്ചത്.


വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) ആദ്യ തലമുറ നേതാക്കളില്‍ ഒരാളായിരുന്ന എം എം ലോറന്‍സ് 1964-ല്‍ സിപിഐ പിളര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)ക്കൊപ്പം ചേരുകയായിരുന്നു. കൊച്ചിയിലെ തുറമുഖ, ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് എം എം ലോറന്‍സ്. 1980-കള്‍ മുതല്‍ പാര്‍ട്ടിയില്‍ പുകയുന്ന പല വിഭാഗീയ ചേരിതിരിവുകളിലും ലോറന്‍സും നാടകീയ വ്യക്തിത്വമായിരുന്നു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസം തടവിലായിരുന്നു എം എം ലോറന്‍സ്.

ഭാര്യ പരേതയായ ബേബി. മക്കള്‍: അഡ്വ. എം എല്‍ സജീവന്‍, സുജാത, അഡ്വ. എം എല്‍ അബി, ആശ ലോറന്‍സ്. സ്വാതന്ത്ര്യ സമര പോരാളിയും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന അന്തരിച്ച എബ്രഹാം മാടാക്കല്‍ ലോറന്‍സിന്റെ ജേഷ്ഠനാണ്.

dot image
To advertise here,contact us
dot image