മഹത്തായ പൂരം ചരിത്രത്തിൽ ഇതുവരെ കലങ്ങിയിട്ടില്ല; യുഡിഎഫ് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ നിന്നും ഒരു ലോക്‌സഭാ സീറ്റ് ബിജെപി ജയിച്ചത് തൃശൂര്‍ പൂരം കലക്കിയിട്ടാണെന്ന ആരോപണം ചെറിയ സംഭവമല്ലെന്നും കുഞ്ഞാലിക്കുട്ടി

dot image

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നും, നീതിയുക്തമായിരിക്കണമെന്നുമാണ് യുഡിഎഫിന്റെ നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതു മധ്യത്തിലുള്ള വിഷയമാണെന്നും തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്ത് മാത്രമല്ല, അനവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പൊലീസ് സംഘം ചെയ്തിരിക്കുന്നുവെന്ന ആരോപണം നിലവിലുണ്ടായിരുന്നതാണെന്നും അത് ഗൗരവമുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചും അന്‍വറിന്റെ ആരോപണങ്ങളെക്കുറിച്ചും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 'യുഡിഎഫ് പ്രക്ഷോഭവുമായി മുന്നോട്ട് പോകും. പൂരം കലക്കിയതില്‍ ഒന്നുമില്ലെന്ന് പറഞ്ഞാല്‍ ശരിയാവില്ല. പൂരം കലക്കിയതല്ലെങ്കില്‍ കലങ്ങാനും പാടില്ല. ഇത്രയും മഹത്തായ പൂരം ചരിത്രത്തില്‍ എപ്പോഴെങ്കിലും കലങ്ങിയിട്ടുണ്ടോ. എല്ലാ സര്‍ക്കാരിന്റെ കാലത്തും ഭംഗിയായി നടക്കുന്ന പൂരം കലങ്ങാന്‍ പാടില്ലല്ലോ. പൂരം കലക്കിയതെന്ന ആരോപണം ഉണ്ടാകുമ്പോള്‍ അത് പൊളിറ്റിക്കല്‍ വിഷയം കൂടിയാണ്. ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കണം. ആരോപണ വിധേയന്‍ തന്നെ ഇത് അന്വേഷിച്ചുവെന്നതും വിമര്‍ശനമാണ്,' അദ്ദേഹം പറഞ്ഞു.

പൂരം കലക്കിയതിന്റെ ഫലമായി വളരെ അസാധാരണമായ സംഭവങ്ങളാണ് കേരളത്തിലുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ആ രോഷം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുമെതിരെ വന്നു. അതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയായി എന്നത് ചെറിയ സംഭവമല്ല. കേരളത്തില്‍ നിന്നും ഒരു ലോക്‌സഭാ സീറ്റ് ബിജെപി ജയിച്ചത് അങ്ങനെയാണെന്ന ആരോപണവും ചെറിയ സംഭവമല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന അഭിപ്രായം വന്നതെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പി ശശിക്കെതിരെയുള്ള അന്വേഷണം അവരുടെ പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന് വന്ന ആവശ്യം തന്നെയാണ്. ഭരണകക്ഷി എംഎല്‍എ പറഞ്ഞു, ഭരണകക്ഷിയില്‍ തന്നെയുള്ള പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു, മുന്‍ മന്ത്രി പറഞ്ഞു, ഈ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമുള്ള സംഗതിയാണ്. യുഡിഎഫ് ഇതിനെതിരെ ക്യാംപയിന്‍ ചെയ്യും. ജനങ്ങള്‍ വിധിയെഴുതും. മലപ്പുറത്തെ പൊലീസ് കുറച്ച് കാലം നടത്തിയ മൊത്തം കാര്യങ്ങളെക്കുറിച്ചും ദുരൂഹതയുണ്ട്. ചെറിയ ആരോപണമല്ല വന്നത്. അനവധി കേസുകളാണ് വന്നത്. നമ്മള്‍ അന്ന് തന്നെ ഇതില്‍ പ്രക്ഷോഭം നടത്തിയതാണ്. അതിനിടെയാണ് ഒരാളെ തല്ലിക്കൊന്നത്. ഇതാണ് പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്തത്,' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us