അന്‍വറിനെ തള്ളി പി ജയരാജൻ, നിലപാട് വ്യക്തമാക്കിയത് സിപിഐഎം പ്രസ്താവന ഫേസ്ബുക്കില്‍ പങ്കുവെച്ച്

പി ജയരാജന്റെ പോസ്റ്റിന് താഴെ അന്‍വറിനെ പിന്തുണച്ചുള്ള കമന്റുകള്‍ നിറയുകയാണ്.

dot image

കണ്ണൂര്‍: പി വി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്‍. പി വി അന്‍വറിനെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് പി ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്. പി വി അന്‍വറിന് പരോക്ഷ പിന്തുണ നല്‍കുന്നത് പി ജയരാജനാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി പി ജയരാജന്‍ രംഗത്തെത്തിയത്. അതേസമയം, പി ജയരാജന്റെ പോസ്റ്റിന് താഴെ അന്‍വറിനെ പിന്തുണച്ചുള്ള കമന്റുകള്‍ നിറയുകയാണ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കിയ ശേഷവും അന്‍വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ ഇന്നലെ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി വി അന്‍വറിനെ തള്ളി. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്‍വറിന്റെ വഴി വേറെയാണ്. കോണ്‍ഗ്രസില്‍ നിന്നാണ് അന്‍വര്‍ വന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്.

അന്‍വര്‍ നിരന്തരം മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അന്‍വറിന്റെ നിലപാട് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തണമെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us