അന്‍വറിനെ സ്വാഗതം ചെയ്തിട്ടില്ല, പ്രചാരണം വ്യാജം; പിഎംഎ സലാം

കേരളം ചര്‍ച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുതെന്നും പിഎംഎ സലാം

dot image

കോഴിക്കോട്:പി വി അന്‍വര്‍ എംഎല്‍എയെ നിലമ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തെന്ന പ്രചാരണം നിഷേധിച്ച് മുസ്ലിം ലീഗ്. മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു.

മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതില്‍ എവിടെയും അന്‍വറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമര്‍ശമില്ല. മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അന്‍വറിന് ആ നിലപാടിനൊപ്പം നില്‍ക്കേണ്ടി വരും എന്ന് പറഞ്ഞാല്‍ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും എന്നും പി എം എ സലാം ചോദിച്ചു.

സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഏറെ കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുസ്ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നത്. അന്‍വര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്ലിംലീഗും യുഡിഎഫും ഉന്നയിച്ചുവരുന്ന കാര്യങ്ങള്‍ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അന്‍വര്‍ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചര്‍ച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുതെന്നും പിഎംഎ സലാം പറഞ്ഞു.

പി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും ഒരുമിച്ച് പോരാടാം എന്നുമുള്ള ഇക്ബാല്‍ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് നീക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

PV അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാന്‍ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്.
അന്‍വര്‍ പെട്ടെന്ന് ആര്‍ക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കില്‍ തന്റെ മുന്നില്‍ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്.
ഇപ്പോ രണ്ട് ഘട്ടം കഴിഞ്ഞു. മുഖ്യമന്ത്രിയില്‍ വലിയ വിശ്വാസമുണ്ടായിരുന്ന അന്‍വറിന്റെ യുദ്ധപ്രഖ്യാപന ഘട്ടം.

മുഖ്യമന്ത്രിയെ മറ്റുള്ളവര്‍ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതില്‍ അന്‍വറിന് ചെറിയ നിരാശ തോന്നുന്നുണ്ട്.
ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം.
യഥാര്‍ത്ഥ പിണറായി വിജയന്‍ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്.
പിണറായിയും , ശശിയും , ങഞ അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം.
പിന്നെയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിന്റെ മകന്‍ പി.വി.അന്‍വറിന്റെ യഥാര്‍ത്ഥ മുഖം പിണറായി കാണേണ്ടത്.
ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെയും യു.ഡി എഫിന്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്‍ക്കാന്‍ പഴയ കോണ്‍ഗ്രസ് കാരനായ അന്‍വര്‍ തയ്യാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാവുക.
ഈ ദുഷ്ടശക്തികള്‍ക്കെതിരെ , നാടിന്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം, !

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us