പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: സുനില്‍ കുമാർ

ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല

dot image

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് വി എസ് സുനില്‍ കുമാര്‍. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്ന് തന്നെ ആവര്‍ത്തിക്കുന്നുവെന്ന് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിച്ചതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു സുനില്‍ കുമാര്‍.

'റിപ്പോര്‍ട്ടില്‍ എന്തുതന്നെ പറഞ്ഞാലും 2024 ലെ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും അതുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. റിപ്പോര്‍ട്ട് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നതിനാലാണ് പ്രതികരിക്കാതിരുന്നത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പഠിച്ചശേഷം മാത്രം മാത്രമെ വിശദമായി പ്രതികരിക്കാനാവൂ. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്ന് തന്നെ ആവര്‍ത്തിക്കുന്നു. 1, 200 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പഠിച്ച ശേഷം പ്രതികരിക്കാം. റിപ്പോര്‍ട്ടില്‍ എല്ലാം പറയണം എന്നില്ലല്ലോ. എനിക്ക് മനസ്സിലായ കാര്യങ്ങള്‍ അതില്‍ ഉണ്ടാകണം എന്നില്ലല്ലോ. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല. സന്തോഷത്തിനും സമാധാനത്തിനും ആഘോഷത്തിനുമാണ് പൂരത്തിന് വരുന്നത്. അവിടെ നമ്മള്‍ രാഷ്ട്രീയകുപ്പായം അണിയുന്നില്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ആത്മാര്‍ത്ഥതയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ആവശ്യമില്ലാതെ പഴി കേള്‍ക്കേണ്ടിവന്നയാളാണ് ഞാന്‍', സുനില്‍ കുമാര്‍ പ്രതികരിച്ചു.

പൂരം അട്ടിമറി ആരോപണത്തില്‍ അന്വേഷണം നടത്തി ഡിജിപിക്ക് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. ബോധപൂര്‍വമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ലെന്ന് സൂചിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്നം സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചത്. ഒരാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഉത്തരവിട്ടത്. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാത്തത് ഏറെ വിവാദമായതോടെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി നിര്‍ബന്ധിതനാവുകയായിരുന്നു.

dot image
To advertise here,contact us
dot image