തൃശൂര്‍ പൂരം കലക്കല്‍: ബാഹ്യ ഇടപെടലില്ല, ഗൂഢാലോചനയില്ല; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്‌നം സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നു

dot image

തൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കിയതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ബോധപൂര്‍വമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്‌നം സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ട്. 1,300 പേജുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.

തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചത്. ഒരാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഉത്തരവിട്ടത്. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാത്തത് ഏറെ വിവാദമായതോടെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി നിര്‍ബന്ധിതനാവുകയായിരുന്നു.

അതേസമയം എഡിജിപി ഒരാഴ്ച കൂടി സമയം ചോദിച്ചെന്നും 24ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരിശോധനകള്‍ നടക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു ഇപ്പോള്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും അതുകൊണ്ടാണ് ഡിവൈഎസ്പിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന വാര്‍ത്താ സമ്മേളനമായിരുന്നു മുഖ്യമന്ത്രിയുടേത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us