കൊച്ചി: ജോലി സമ്മര്‍ദം മൂലം മരിച്ച അന്ന സെബാസ്റ്റ്യനെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ മാപ്പ് പറയണമെന്ന് വി ശിവദാസന്‍ എംപി. ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പൊള്ളത്തരം കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിലൂടെ വെളിപ്പെട്ടു. മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത പ്രസ്താവന കേന്ദ്രമന്ത്രി പിന്‍വലിക്കണമെന്നും ശിവദാസന്‍ എംപി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശിവദാസന്‍ എംപിയുടെ പ്രതികരണം.
സമ്മര്‍ദത്തെ നേരിടുന്നത് എങ്ങനെയെന്ന് വീടുകളില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണം എന്നായിരുന്നു നിര്‍മലാ സീതാരാമന്റെ വിചിത്ര വാദം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദത്തെ നേരിടാനാകൂ എന്നും അന്നയുടെ മരണം പരാമര്‍ശിച്ച് മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലിക്ക് പ്രവേശിച്ച് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അനിത സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നുവെന്നും ഇതിന് ശേഷവും പണിയെടുക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്നായിരുന്നു അച്ഛന്‍ സിബി ജോസഫ് പ്രതികരിച്ചത്.