അന്നയ്‌ക്കെതിരായ നിർമല സീതാരാമന്റെ പ്രസ്താവന കോർപറേറ്റുകളെ സംരക്ഷിക്കുന്നത്; യുവജന പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ

അന്നയുടെ മരണത്തിലൂടെ കോര്‍പറേറ്റ് മേഖലയിലെ ചൂഷണം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ കോര്‍പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് നിര്‍മല സീതാരാമന്‍ സ്വീകരിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

dot image

കൊച്ചി: അന്ന സെബാസ്റ്റ്യന്‍റെ മരണത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. അന്നയുടെ മരണത്തിലൂടെ കോര്‍പറേറ്റ് മേഖലയിലെ ചൂഷണം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ കോര്‍പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് നിര്‍മല സീതാരാമന്‍ സ്വീകരിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഇത് തൊഴിലാളികളോടും യുവാക്കളോടുമുള്ള പരിഹാസവും വെല്ലുവിളിയുമാണ്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചും
തൊഴില്‍ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടും യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും സനോജ് അറിയിച്ചു.

സമ്മര്‍ദത്തെ നേരിടുന്നത് എങ്ങനെയെന്ന് വീടുകളില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണം എന്നായിരുന്നു നിര്‍മല സീതാരാമന്റെ വിചിത്ര വാദം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദത്തെ നേരിടാനാകൂ എന്നും അന്നയുടെ മരണം പരാമര്‍ശിച്ച് മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഒരു സ്വകാര്യ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നിര്‍മല സീതാരാമന്റെ പ്രതികരണം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലിക്ക് പ്രവേശിച്ച് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അനിത സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നുവെന്നും ഇതിന് ശേഷവും പണിയെടുക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്നായിരുന്നു അച്ഛന്‍ സിബി ജോസഫ് പ്രതികരിച്ചത്.

dot image
To advertise here,contact us
dot image