കോട്ടയം: പാലത്തിലേക്ക് കയറുന്നതിന് പകരം റോഡ് മാറി സഞ്ചരിച്ചതാണ് കോട്ടയം കാര്‍ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വഴി മാറി സഞ്ചരിച്ച കാര്‍ ആഴമുള്ള ഭാഗത്തേക്കാണ് വീണതെന്നതും ഇരുട്ടും അപകടത്തിന്റെ ആഘാതം കൂട്ടി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കാര്‍ മുങ്ങിത്താഴുന്നത് കണ്ടത്. നിമിഷ നേരം കൊണ്ട് കാര്‍ കാണാന്‍ പോലും ആകാത്ത വിധം മുങ്ങിപ്പോയെന്ന് ദൃക്‌സാക്ഷി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അരമണിക്കൂറിലധികം എടുത്താണ് കാര്‍ കണ്ടെത്താനായത്. കാര്‍ പുറത്തെത്തിച്ചപ്പോള്‍ ഉള്‍വശം ചെളി നിറഞ്ഞ നിലയിലായിരുന്നു.
ചില്ല് പൊട്ടിച്ചാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രണ്ട് പേരെയും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെത്തിച്ചപ്പോള്‍ തന്നെ ഇരുവരും അബോധാവസ്ഥയിലായിരുന്നു. മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ്. കുമരകം ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.