കോട്ടയം: നഗരസഭയിലെ മൂന്ന് കോടിയുടെ പെൻഷൻ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ശ്യാം കുമാറിനെ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അഖിൽ സി വർഗീസിന് തൻ്റെ ആധാർ ഉപയോഗിച്ച് ശ്യാം സിം കാർഡ് എടുത്ത് നൽകി. അഖിലിന് ഒളിവിൽ താമസിക്കാൻ ഇയാൾ സൗകര്യം ഒരുക്കി നൽകിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
കേസ് രജിസ്ട്രർ ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും അഖിലിനെ ഇതുവരെ പിടിക്കൂടാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരനായ അഖിൽ പെൻഷൻ തുക അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ശ്യാമിനെ റിമാൻഡ് ചെയ്തു. അഖിൽ സി വർഗീസിനെ കണ്ടെത്താൻ ശ്യമിന്റെ അറസ്റ്റ് സഹായിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടൽ.