എം പോക്‌സ്: പ്രതിരോധത്തിനും ചികിത്സയ്ക്കും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം

dot image

തിരുവന്നതപുരം: സംസ്ഥാനത്ത് എംപോക്‌സ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കി. നിലവില്‍ അഞ്ച് ലാബുകളില്‍ പരിശോധനാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണങ്ങളുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി പ്രതിരോധത്തില്‍ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. ഇടവിട്ട മഴ തുടരുന്നതിനാല്‍ പലതരം പകര്‍ച്ച പനികള്‍ തുടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ കാണുന്നുണ്ട്. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടി ഏത് പനിയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കണം.

വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ എന്നിവയെ പ്രതിരോധിക്കാന്‍ തിളിപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. പ്രാദേശികമായി ഒരു പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്താല്‍ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കമ്മിറ്റികള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഈ കമ്മിറ്റികളിലെ ചര്‍ച്ചകളിലൂടെ ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us