ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയം; ആശാ ലോറന്‍സിനെതിരെ സഹോദരന്‍ എം എല്‍ സജീവന്‍

പിതാവ് എക്കാലവും കമ്മ്യൂണിസ്റ്റുകാരനെന്നും സജീവന്‍

dot image

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആശയ്‌ക്കെതിരെ സഹോദരന്‍ എം എല്‍ സജീവന്‍. ആശ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്ന് സഹോദരന്‍ ആരോപിച്ചു. ഹര്‍ജി കൊടുപ്പിച്ചത് ബിജെപിക്കാരാണ്. മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞു. പിതാവ് എക്കാലവും കമ്മ്യൂണിസ്റ്റുകാരനെന്നും സജീവന്‍ പറഞ്ഞു.

പിതാവിന്റെ മൃതദേഹം വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രം താനും മറ്റൊരു സഹോദരിയും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. മൃതദേഹം വിട്ടു നല്‍കുന്നതിന് പിതാവും താത്പര്യം പ്രകടിപ്പിരുന്നു. ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ആശ ഇതുമാത്രമല്ല ചെയ്തിരിക്കുന്നത്. ഇതിന് മുന്‍കാല ചരിത്രമുണ്ട്. മുന്‍പ് പിതാവിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ ആശ രംഗത്തുവന്നതാണ്. അതിന് പിന്നില്‍ ചില ആളുകളുണ്ടായിരുന്നുവെന്നും സജീവന്‍ വ്യക്തമാക്കി.

ഇന്ന് വൈകീട്ട് നാല് മണിക്ക് എം എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇതിനിടെയാണ് ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ആശാ ലോറന്‍സിന്റെ ആരോപണം. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിന് നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറന്‍സ് ആവശ്യപ്പെടുന്നു.

dot image
To advertise here,contact us
dot image