കൊച്ചി: ഏണസ്റ്റ് ആന്‍ഡ് യങ് (ഇ വൈ) കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ്. നിര്‍മല സീതാരാമനില്‍ നിന്ന് ഇങ്ങനൊരു പ്രസ്താവന നടത്തിയതില്‍ അത്ഭുതമില്ലെന്നും അവരുടെ പശ്ചാത്തലം കോര്‍പറേറ്റ് പശ്ചാത്തലമാണെന്നും മന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമത്തില്‍ വെള്ളം ചേര്‍ത്ത് തൊഴിലാളികളുടെ അവകാശങ്ങളില്ലാതാക്കിയെന്നും എം ബി രാജേഷ് പറഞ്ഞു. ഇതിന്റെ ഇരയാണ് അന്നയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'നടപടിയെടുക്കേണ്ടവര്‍ ചൂഷകര്‍ക്കൊപ്പം നില്‍ക്കുന്നു. കോര്‍പറേറ്റ് കമ്പനിയിലെ ജോലി രാജി വെച്ച് അതിനേക്കാള്‍ ലാഭകരമാണ് രാഷ്ട്രീയമെന്ന നിലയില്‍ വന്നൊരാളാണ് നിര്‍മല സീതാരാമന്‍. കേന്ദ്ര സര്‍ക്കാരാണ് തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് കോര്‍പറേറ്റുകള്‍ക്ക് കൊടും ചൂഷണത്തിനുള്ള സൗകര്യമൊരുക്കിയത്. ഇവര്‍ കൊണ്ടു വന്ന ലേബര്‍ കോഡുകള്‍ തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയും തൊഴിലാളികളുടെ അവകാശങ്ങളില്ലാതാക്കുകയും ചെയ്തു. അതിന്റെ കൂടി ഇരയാണ് അന്ന സെബാസ്റ്റിയന്‍,' മന്ത്രി പറഞ്ഞു.
അന്നയുടെ കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടായിരിക്കും. അക്കാര്യം അവരെ നേരിട്ടറിയിക്കാനാണ് വന്നിട്ടുള്ളതെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും തൊഴില്‍ വകുപ്പ് ഈ പ്രശനത്തില്‍ നേരിട്ട് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നുമായിരുന്നു അന്നയുടെ മരണത്തില്‍ നിര്‍മല സീതാരാമന്‍ നടത്തിയ വിചിത്രപരാമര്‍ശം. 'രണ്ട് ദിവസം മുന്‍പ് ഒരു പെണ്‍കുട്ടി മരിച്ചതായി പത്രത്തില്‍ കണ്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന ചില മൂല്യങ്ങള്‍ കൂടി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. എത്ര പഠിച്ച് മുന്നേറിയാലും ദൈവവിശ്വാസം വേണം. എല്ലാ സമ്മര്‍ദ്ദങ്ങളെയും നേരിടാന്‍ ഒരു ഉള്‍ശക്തി വേണം. ദൈവത്തില്‍ വിശ്വസിച്ചാല്‍ സമ്മര്‍ദ്ദങ്ങളെ നേരിടാനാകും വീട്ടില്‍ നിന്നും സമ്മര്‍ദ്ദത്തെ നേരിടാന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം,' എന്നായിരുന്നു നിര്‍മല സീതാരാമന്റെ പരാമര്‍ശം.
പിന്നാലെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ നിര്‍മലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇവൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. കമ്പനിയിലെ സമ്മര്‍ദം കാരണമാണ് മകള്‍ മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
അന്നയുടെ മരണത്തിന് ശേഷം നിരവധി പേര്‍ കമ്പനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മാനസിക പീഡനം, നിയമ വിരുദ്ധമായി സ്ഥാപനത്തില്‍ നിന്ന് പുറത്താക്കല്‍, അവധി അനുവദിക്കാതെയുള്ള ജോലി സമ്മര്‍ദം തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതി കമ്പനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.