'പറഞ്ഞത് ശരിയായോ എന്ന് അൻവർ ആലോചിക്കട്ടെ'; അതൃപ്തി വ്യക്തമാക്കി എകെ ശശീന്ദ്രൻ

'അൻവർ പറയുന്ന രീതിയിൽ മറുപടി പറയാൻ ഞാൻ പഠിച്ചിട്ടില്ല'

dot image

മലപ്പുറം : പി വി അൻവർ എംഎൽഎയുടെ വിമർശനങ്ങളിൽ അതൃപ്തി പ്രകടമാക്കി മന്ത്രി എകെ ശശീന്ദ്രൻ. പറഞ്ഞത് ശരിയായോ എന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി. അന്‍വർ കാര്യങ്ങൾ അറിയുന്ന ആളാണെന്നും പ്രായം കൂടിയ ആൾ എന്ന നിലയിലാണ് താൻ ഉപദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അൻവർ പറയുന്ന രീതിയിൽ മറുപടി പറയാൻ താൻ പഠിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട ആവശ്യമില്ല. അറിയേണ്ടത് എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്. പി വി അൻവറിന്റെ വിമർശനങ്ങളിൽ വ്യക്തിപരമായി വിഷമം ഇല്ല. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖിക്കുകയോ ഇല്ല. അതിന് മാത്രം ഉള്ള പക്വത തനിക്ക് ഉണ്ടെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

വനം വകുപ്പ് ഉദ്യോ​ഗസ്ഥനെതിരെ അൻവർ ഇന്ന് പരാതി നൽകിയിരുന്നു. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകിയത്. വനം മന്ത്രി എ കെ ശശീന്ദ്രൻ, സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പരാതി കൈമാറിയത്. നിലമ്പൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിനിടെ എംഎൽഎയുടെ വാഹനം വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ മാറ്റിയിടീപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

വനം വകുപ്പിനെയും മന്ത്രി എകെ ശശീന്ദ്രനെയും അൻവർ രൂക്ഷമായി വിമർശിച്ച. വനം വകുപ്പ് മന്ത്രി സ്വയം അഭിസംബോധന ചെയ്യുന്നത് വനം വന്യ ജീവി വകുപ്പ് മന്ത്രി എന്നാണ്. വനം വന്യ ജീവി വകുപ്പ് മന്ത്രിയുണ്ടാകുമ്പോൾ മനുഷ്യ സംരക്ഷണ വകുപ്പ് മന്ത്രി കൂടി ഉണ്ടാകേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണെന്നും പി വി അൻവ‍‍ർ പറഞ്ഞു. ഇക്കാര്യം നിയമസഭയിൽ പറയണം എന്നാണ് കരുതിയതെന്നും എന്നാൽ അതിന് സാധിക്കുമോ എന്നറിയാത്തതിനാലാണ് മന്ത്രിയെ കിട്ടിയപ്പോൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും പൊലീസിലെ ഉന്നതർക്കെതിരെയും ആരോപണം ഉന്നയിച്ച പി വി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. അൻവറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ല. അൻവർ വന്നത് കോൺഗ്രസിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കിൽ അൻവർ ആദ്യം ചെയ്യേണ്ടിയിരുന്നത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലല്ല കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിലാണ് താൻ ഇക്കാര്യം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രതികരണവുമായി പി വി അൻവറും രം​ഗത്തെത്തിയിരുന്നു. ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യില്ലെന്നുമായിരുന്നു പി വി അൻവറിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി വി അൻവർ പറഞ്ഞിരുന്നു. ശശിയുടെ പ്രവർത്തനം മാതൃകാപരമല്ലെന്നും സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പറഞ്ഞ അൻവർ മനോവീര്യം തകർന്നത് പൊലീസിലെ കള്ളന്മാരുടേതാണെന്നും ആരോപിച്ചിരുന്നു.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us