'മകൾ എൻ്റെ നല്ലതിന് വേണ്ടി ഒരിക്കലും യാതൊന്നും ചെയ്തിട്ടില്ല'; ചർച്ചയായി എംഎം ലോറൻസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

2021 ല്‍ മകള്‍ ആശയെ തള്ളിപറഞ്ഞ എംഎം ലോറൻസിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

dot image

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ മകൾ ആശയെ എംഎം ലോറൻസ് നേരത്തെ തള്ളി പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു. മകൾ ആശ തൻ്റെ നല്ലതിന് വേണ്ടി ഒരിക്കലും യാതൊന്നും ചെയ്തിട്ടില്ലെന്നും സംഘപരിവാറിന് ഒപ്പമാണ് ആശ നിലകൊള്ളുന്നതെന്നുമായിരുന്നു 2021 ൽ എം എം ലോറൻസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തെ എതിർത്ത് ആശ ഹൈക്കോടതിയെ സമീപിക്കുകയും ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് എം എം ലോറൻസ് ആശയെ തള്ളി പറഞ്ഞ സംഭവം വീണ്ടും ചർച്ചയാകുന്നത്.

ആശുപത്രിയിൽ ആയ തന്റെ പിതാവിനെ പരിചരിക്കാൻ സിപിഐഎം സമ്മതിക്കുന്നില്ലെന്നും നോക്കാമെന്ന് പറഞ്ഞ പിണറായിയും മറ്റു മക്കളുമൊന്നും അദ്ദേഹത്തെ പരിചരിക്കാൻ തയ്യാറായില്ലെന്നും 2021 ൽ ആശ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം വിവാദങ്ങൾക്ക് വഴിവെച്ചതോടെയാണ് അന്ന് എംഎം ലോറൻസ് തന്നെ ആശയെ തള്ളിപറഞ്ഞ് രംഗത്ത് എത്തിയത്.
തന്റെ ക്ഷീണാവസ്ഥ മുതലെടുത്ത് തന്നെ സഹായിക്കാൻ എന്ന മട്ടിൽ എത്തിയ മകൾ ആശ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് ദുഷ്പ്രചാരണങ്ങൾ നടത്തുന്നതായും വർഷങ്ങളായി അകൽച്ചയിലായിരുന്ന മകൾ തന്നെ പരിചരിക്കാനും സഹായിക്കാനും തയാറായ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞ് ആക്ഷേപിക്കുകയാണെന്നുമായിരുന്നു അദ്ദേഹം ഫോസ്ബുക്കിൽ കുറിച്ചത്.
തന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്നും അന്ന് എം എം ലോറൻസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം എംഎം ലോറൻസിന്റെ മൃതദേഹം നാടകീയ സംഭവങ്ങൾക്കൊടുവിൽ കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി. മൃതദേഹം പൊതുദർശനത്തിന് വെച്ച ഹാളിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായിരുന്നു. ആശയും മകനും പാർട്ടി പ്രവർത്തകരുമായാണ് വാക്കേറ്റമുണ്ടായത്. 'അലവലാതി സഖാക്കൾ അമ്മയെ തള്ളിയിട്ടെ'ന്നായിരുന്നു ആശയുടെ മകന്റെ പ്രതികരണം. ബലപ്രയോഗത്തിലൂടെയാണ് ആശയേയും മകനെയും മാറ്റിയത്. പൊതുദർശന ഹാളിൽ നിന്ന് മാറാൻ ആശയും മകനും തയ്യാറായിരുന്നില്ല.
അതേസമയം, ഹർജിക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് ആശയുടെ സഹോദരൻ സജീവൻ ആരോപിച്ചു. ഹർജി കൊടുപ്പിച്ചത് ബിജെപിക്കാരാണ്. മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞു. പിതാവ് എക്കാലവും കമ്മ്യൂണിസ്റ്റുകാരനെന്നും സജീവൻ പറഞ്ഞു. പിതാവിന്റെ മൃതദേഹം വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം താനും മറ്റൊരു സഹോദരിയും ചേർന്ന് നൽകിയിട്ടുണ്ട്. മൃതദേഹം വിട്ടു നൽകുന്നതിന് പിതാവും താത്പര്യം പ്രകടിപ്പിരുന്നു. ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ആശ ഇതുമാത്രമല്ല ചെയ്തിരിക്കുന്നത്. ഇതിന് മുൻകാല ചരിത്രമുണ്ട്. മുൻപ് പിതാവിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ ആശ രംഗത്തുവന്നതാണ്. അതിന് പിന്നിൽ ചില ആളുകളുണ്ടായിരുന്നുവെന്നും സജീവൻ വ്യക്തമാക്കിയിരുന്നു.

2021 ൽ എംഎം ലോറൻസ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം,

ഓക്‌സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.

എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us