അപ്പൻ പോകേണ്ടത് അമ്മയുടെ കൂടെയെന്ന് ആശ, എം എം ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയത; പൊതുദർശന ഹാളിൽ ഉന്തും തള്ളും

പൊതുദർശന ഹാളിൽ നിന്ന് മാറാൻ ആശയും മകനും തയ്യാറായിരുന്നില്ല

dot image

കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനാകില്ലെന്ന തീരുമാനത്തിലുറച്ച് മകൾ ആശ ലോറൻസ്. അപ്പൻ പോകേണ്ടത് അമ്മയുടെ കൂടെയെന്നായിരുന്നു ആശയുടെ പ്രതികരണം. പൊതുദർശനം നടന്ന ടൗൺ ഹാളിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.

ആശയും മകനും പാർട്ടി പ്രവർത്തകരുമായാണ് വാക്കേറ്റമുണ്ടായത്. 'അലവലാതി സഖാക്കൾ അമ്മയെ തള്ളിയിട്ടെ'ന്നായിരുന്നു ആശയുടെ മകന്റെ പ്രതികരണം. ബലപ്രയോ​ഗത്തിലൂടെയാണ് ആശയേയും മകനെയും മാറ്റിയത്. പൊതുദർശന ഹാളിൽ നിന്ന് മാറാൻ ആശയും മകനും തയ്യാറായിരുന്നില്ല. എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

തീരുമാനമുണ്ടാകും വരെ എം എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മകൾ ആശ ലോറൻസ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹർജിയിൽ തീരുമാനം പിന്നീടുണ്ടാകും. എത്രയും വേ​ഗം വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നും കോടതി പറ‍ഞ്ഞു. ഇന്ന് വൈകിട്ട് നാല് മണിക്ക് എം എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെതിരായാണ് ആശ ലോറൻസ് ഹർജി സമർപ്പിച്ചത്.

മൃതദേഹം പള്ളിയിൽ സംസ്‌കരിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആശ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ആശാ ലോറൻസിന്റെ വാദം. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ വൈദ്യപഠനത്തിന് നൽകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറൻസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഹർജിക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് സഹോദരൻ സജീവൻ ആരോപിച്ചു. ഹർജി കൊടുപ്പിച്ചത് ബിജെപിക്കാരാണ്. മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞു. പിതാവ് എക്കാലവും കമ്മ്യൂണിസ്റ്റുകാരനെന്നും സജീവൻ പറഞ്ഞു. പിതാവിന്റെ മൃതദേഹം വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം താനും മറ്റൊരു സഹോദരിയും ചേർന്ന് നൽകിയിട്ടുണ്ട്. മൃതദേഹം വിട്ടു നൽകുന്നതിന് പിതാവും താത്പര്യം പ്രകടിപ്പിരുന്നു. ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ആശ ഇതുമാത്രമല്ല ചെയ്തിരിക്കുന്നത്. ഇതിന് മുൻകാല ചരിത്രമുണ്ട്. മുൻപ് പിതാവിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ ആശ രംഗത്തുവന്നതാണ്. അതിന് പിന്നിൽ ചില ആളുകളുണ്ടായിരുന്നുവെന്നും സജീവൻ വ്യക്തമാക്കി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us