തിരുവനന്തപുരം: സംസ്ഥാനത്ത് എം പോക്‌സിന്റെ പുതിയവകഭേദം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്ക് വ്യാപന ശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്. പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ദുബായിൽ നിന്നെത്തിയ മുപ്പത്തിയെട്ടുകാരനായ മലപ്പുറം സ്വദേശിക്ക് സെപ്റ്റംബർ 18-നാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് രോഗി.
പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തിൽ എംപോക്സ് 2 എന്ന വകഭേദമാണ് ഏറ്റവും കൂടുതലുള്ളത്. ഇന്ത്യയിൽ മുൻപ് റിപ്പോർട്ട് ചെയ്തതും എംപോക്സ് 2 ആണ്. കൊവിഡ് പോലെ വായുവിൽ കൂടി പകരുന്ന തരത്തിലേക്ക് മാറാൻ ഉള്ള സാധ്യതകളേറെയാണ്.
അതേസമയം, എംപോക്സ് സംശയത്തോടെ ആലപ്പുഴയിൽ ചികിത്സയിലുള്ള സ്വദേശിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായി. ആദ്യ പരിശോധന ഫലം നേരത്തേതന്നെ നെഗറ്റീവായിരുന്നു. വിദേശത്ത് നിന്നെത്തിയ വ്യക്തി നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
അതേസമയം, എംപോക്‌സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.