തിരുവനന്തപുരം: ഗൂഢാലോചന കേസുകൾ സിപിഐഎമ്മിന് പുത്തരിയല്ലെന്ന് സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ. കള്ളക്കേസുകളും ജയിലറകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പുത്തരിയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭത്തിൽ തന്നെ ഗൂഡാലോചന കുറ്റം ചുമത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമർശം.
പാർട്ടി വളർന്നപ്പോൾ നിരവധി ഗൂഢാലോചന കേസുകൾ വന്നു. ഗൂഢാലോചന കേസുകൾ കാട്ടി സിപിഐഎമ്മിനെ ഭയപ്പെടുത്താം എന്ന ധാരണ വേണ്ട. ജനങ്ങളെ അണിനിരത്തി അതിനെ ചെറുത്തു തോൽപ്പിക്കുമെന്നും പി ജയരാജൻ പറഞ്ഞു.
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പരിപാടിയില്‍ എത്തുമെന്നായിരുന്നു സൂചന. പയ്യാമ്പലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഇ പി ജയരാജന്‍ എത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍ എം എം ലോറന്‍സിന്റെ മരണത്തെ തുടര്‍ന്ന് ഇ പി ജയരാജന്‍ എറണാകുളത്തേക്ക് തിരിച്ചതിനാൽ പാരിപാടിയിൽ പങ്കെടുത്തിട്ടില്ല.. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം ഇ പി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെത്തി അനുശോചനം രേഖപ്പെടുത്തിയതൊഴിച്ചാല്‍ ഇ പി കഴിഞ്ഞ 23 ദിവസമായി പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കാനോ തയ്യാറായിട്ടില്ല.
ഷുക്കൂർ വധക്കേസിൽ സിബിഐ പ്രത്യേക കോടതി പി ജയരാജനെതിരായ ഗൂഢാലോചന കുറ്റം നിലനിൽക്കുമെന്ന് അപ്പീൽ തള്ളിക്കൊണ്ട് പ്രസ്താവിച്ചിരുന്നു. കേസിൽ പി ജയരാജനും മുൻ എംഎൽഎ ടി വി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. ഷൂക്കൂർ കൊലപാതകത്തിലോ ഗൂഢാലോചനയിലോ നേരിട്ട് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിനെ എതിർത്ത് ഷുക്കൂറിന്റെ അമ്മ കോടതിയിൽ കക്ഷി ചേർന്നിരുന്നു. അപ്പീൽ തള്ളിയ സിബിഐ പ്രത്യേക കോടതിയുടെ നടപടിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് പി ജയരാജന്റെ പ്രസംഗം.
അതേസമയം അരിയിൽ ഷുക്കൂർ, ഫസൽ കൊലക്കേസ് എന്നിവ അനേഷിച്ച റിട്ട. ഡിവൈഎസ്പി പി സുകുമാരന്റെ ബിജെപി പ്രവേശത്തെ വിമർശിച്ചും പി ജയരാജൻ രംഗത്തെത്തിയിരുന്നു. മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട. ഡിവൈഎസ്പി സുകുമാരൻ ഒടുവിൽ ഏറ്റവും യോജിച്ച പാർട്ടിയിൽ തന്നെയാണ് എത്തിപ്പെട്ടതെന്നെന്നായിരുന്നു പി ജയരാജന്റെ പരിഹാസം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശരീരത്തിലടക്കം കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയും ചെയ്ത ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരനാണ് ബിജെപിയിൽ ചേർന്ന സുകുമാരൻ. കേസ് തെളിയിക്കാനാവാതെ വരുമ്പോഴാണ് ഇയാൾ ഹീനമായ മൂന്നാംമുറ കുറ്റാരോപിതരുടെ മേൽ പലപ്പോഴും പ്രയോഗിച്ചത്. രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസിൽ കുടുക്കാനും തൻറെ ഔദ്യോഗിക പദവി ദുരുപയോഗിച്ച ഉദ്യോഗസ്ഥൻ കൂടിയാണിയാൾ. സർവീസിലിരിക്കുന്ന കാലത്ത് കോൺഗ്രസ് നേതാക്കളുടെ വിശ്വസ്തവിധേയനായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.