'നിയമസഭയിൽ ഇനി ഉണ്ടാകുമോ എന്നറിയില്ല'; മന്ത്രിയെ വേദിയിലിരുത്തി വനം വകുപ്പിനെ വിമർശിച്ച് പി വി അൻവർ

വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണെന്നും പി വി അൻവ‍‍ർ

dot image

നിലമ്പൂർ: വനം വകുപ്പ് മന്ത്രിയെ വേദിയിലിരുത്തി വിമർശനവുമായി പി വി അൻവർ എംഎൽഎ. നിലമ്പൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. വനം വകുപ്പ് മന്ത്രി സ്വയം അഭിസംബോധന ചെയ്യുന്നത് വനം വന്യ ജീവി വകുപ്പ് മന്ത്രി എന്നാണ്. വനം വന്യ ജീവി വകുപ്പ് മന്ത്രിയുണ്ടാകുമ്പോൾ മനുഷ്യ സംരക്ഷണ വകുപ്പ് മന്ത്രി കൂടി ഉണ്ടാകേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണെന്നും പി വി അൻവ‍‍ർ പറഞ്ഞു. നിയമസഭയിൽ പറയണം എന്നാണ് കരുതിയതെന്നും എന്നാൽ അതിന് സാധിക്കുമോ എന്നറിയാത്തതിനാലാണ് മന്ത്രിയെ കിട്ടിയപ്പോൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയോര മേഖലയിൽ മനുഷ്യർ ഏറ്റവും നേരിടുന്ന പ്രശ്നം വനം വന്യ ജീവി പ്രശ്നം ആണ്. നിലമ്പൂർ അങ്ങാടിയിൽ വരെ മൃഗങ്ങൾ എത്തി. സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയം ആകാത്ത ഒരു വിഭാഗമാണ് ഫോറസ്റ്റ് വകുപ്പ്. ഫോറസ്റ്റിന് അകത്തേക്ക് ആരെയും കടത്തി വിടില്ല. കാടിനകത്ത് ആനക്ക് ഉള്ള ഭക്ഷണം ഇല്ല. മന്ത്രി എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഒരു മുള പോലും അതിനകത്ത് വെച്ചു പിടിപ്പിച്ചിട്ടില്ല. ആനയുടെയും പുലിയുടെയും പ്രശ്നമല്ല. ആവാസ വ്യവസ്ഥക്ക് വേണ്ട ഒന്നും കാടിന് അകത്ത് ഇല്ല. വിശക്കുമ്പോൾ അവ പുറത്ത് വരും. എന്ത് ഫെൻസിങ്ങും ഉണ്ടായിട്ട് കാര്യമില്ല. നിയമസഭയിൽ പലതവണ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

15.68 കോടിയുടെ 9 പ്രവർത്തികൾ ആണ് നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യുന്നത്. 6 കോടിയുടെ പദ്ധതി ജനങ്ങൾക്ക് വേണ്ടിയാണ്. ഇവിടെ കുറെ കെട്ടിടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിലവിലുള്ള റേഞ്ച് ഓഫീസിന് ഒരു കുഴപ്പവും ഇല്ല. ഫെൻസിങ് ആണ് മുൻ​ഗണ നൽകേണ്ട വിഷയം. ഉദ്യോഗസ്ഥർക്ക് ആഡംബരം ആകരുത്. അനാവശ്യമായി കെട്ടിടം ഉണ്ടാക്കേണ്ട ആവശ്യം ഇല്ല. ആ പണം വനംവന്യ ജീവി സംഘർഷം തടയാൻ ആണ് ചിലവാക്കേണ്ടത്. വനം വന്യജീവി സംഘർഷം തടയാൻ കഴിയാത്തതിനാൽ പാർട്ടിക്ക് 20 ശതമാനം വോട്ട് നഷ്ടമായി.

ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മരിച്ചപ്പോൾ ഡിഎഫ്ഒ ഓഫീസിൽ പൊതു ദർശനം നടത്താൻ ഡിഎഫ്ഒ അനുവദിച്ചില്ല. ആന ആക്രമിച്ച കാര്യം പറയാൻ എത്തുന്നവരോട് ചോദിക്കുന്നത് പത്ത് ലക്ഷം കിട്ടിയില്ലേ എന്നാണ്. താനായിരുന്നെങ്കിൽ നല്ല ചവിട്ട് കൊടുത്തേനെയെന്നും പി വി അന്‍വർ പറഞ്ഞു.

Also Read:

ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ വരച്ച വരയിൽ നിർത്തണമെന്നും പി വി അൻവർ മന്ത്രിയോട് പറഞ്ഞു. ഇപ്പോൾ ഉള്ളത് കമ്മ്യൂണിസ്റ്റ് രീതിയല്ല , ഇടത് പക്ഷ രീതിയല്ല. ജനങ്ങളാണ് വലുത് . ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ഇവർ ജീവിക്കുന്നത്. പൊതുജനങ്ങളോട് മോശമായാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ അൻവർ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥനോടും കയർത്തിരുന്നു. റെയ്ഞ്ച് ഓഫീസറോടായിരുന്നു അദ്ദേഹത്തിന്റെ ആക്രോശം. എംഎൽഎയുടെ വണ്ടി മാറ്റിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. പലതവണ മാറ്റിച്ചതായും മോശമായി പെരുമാറിയതായും പി വി അൻവർ ആരോപിച്ചു. പരിപാടി നടക്കുന്നതിന് സമീപത്ത് തന്നെയായിരുന്നു പി വി അൻവറിന്റെ വാഹനം പാർക്ക് ചെയ്തിരുന്നത്. എന്നാൽ വൺ വേ ആയതിനാലാണ് വാഹനം മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടത് എന്നായിരുന്നു ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരുടെ വിശദീകരണം.

അതേസമയം ഫോറസ്റ്റ് ഉദ്യോ​ഗസ്ഥനോട് കയർത്തെന്ന ആരോപണം പി വി അൻവർ തള്ളിയിട്ടുണ്ട്. മൂന്ന് തവണയാണ് പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക്‌ ചെയ്തിരുന്ന "എം.എൽ.എ ബോർഡ്‌" വച്ച വാഹനം ഒരു ഫോറസ്റ്റ്‌ ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത്‌. വാഹനം പാർക്ക്‌ ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എൽ.എ ഇനി "വാഹനം തലയിൽ ചുമന്നൊണ്ട്‌ നടക്കണം" എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. ആണെങ്കിൽ,അതൊന്നും അംഗീകരിച്ച്‌ കൊടുക്കാൻ മനസ്സില്ല. ഉദ്യോഗസ്ഥ തൻ പ്രമാണിത്തമൊക്കെ കൈയ്യിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമർശം.

dot image
To advertise here,contact us
dot image