നിലമ്പൂർ: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി പി വി അൻവർ എംഎൽഎ. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകിയത്. വനം മന്ത്രി എ കെ ശശീന്ദ്രൻ, സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പരാതി കൈമാറിയത്. നിലമ്പൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിനിടെ എംഎൽഎയുടെ വാഹനം വനം വകുപ്പ് ഉദ്യോഗസ്ഥൻ മാറ്റി യിടീപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
വാഹനം മാറ്റിയിടീപ്പിച്ചത് സംബന്ധിച്ച് റെയ്ഞ്ച് ഓഫീസറോടും പി വി അൻവർ ആക്രോശിച്ചിരുന്നു. പലതവണ വാഹനം മാറ്റിച്ചതായും മോശമായി പെരുമാറിയതായും പി വി അൻവർ ആരോപിച്ചു. പരിപാടി നടക്കുന്നതിന് സമീപത്ത് തന്നെയായിരുന്നു പി വി അൻവറിന്റെ വാഹനം പാർക്ക് ചെയ്തിരുന്നത്. വൺ വേ ആയതിനാലാണ് വാഹനം മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടത് എന്നായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സംഭവത്തിന് പിന്നാലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനോട് കയർത്തെന്ന ആരോപണം പി വി അൻവർ തള്ളിയിരുന്നു. മൂന്ന് തവണയാണ് പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന 'എംഎൽഎ ബോർഡ്' വെച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത്. വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എംഎൽഎ ഇനി "വാഹനം തലയിൽ ചുമന്നൊണ്ട് നടക്കണം" എന്നാണോ? ആണെങ്കിൽ,അതൊന്നും അംഗീകരിച്ച് കൊടുക്കാൻ മനസ്സില്ല. ഉദ്യോഗസ്ഥ തൻ പ്രമാണിത്തമൊക്കെ കൈയ്യിൽ വച്ചാൽ മതിയെന്നും അന്‍വർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമർശം.
വനം വകുപ്പിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വനം വകുപ്പ് മന്ത്രി സ്വയം അഭിസംബോധന ചെയ്യുന്നത് വനം വന്യ ജീവി വകുപ്പ് മന്ത്രി എന്നാണ്. വനം വന്യ ജീവി വകുപ്പ് മന്ത്രിയുണ്ടാകുമ്പോൾ മനുഷ്യ സംരക്ഷണ വകുപ്പ് മന്ത്രി കൂടി ഉണ്ടാകേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണെന്നും പി വി അൻവർ പറഞ്ഞു. ഇക്കാര്യം നിയമസഭയിൽ പറയണം എന്നാണ് കരുതിയതെന്നും എന്നാൽ അതിന് സാധിക്കുമോ എന്നറിയാത്തതിനാലാണ് മന്ത്രിയെ കിട്ടിയപ്പോൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.