തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സമ്മര്‍ദ്ദം നിസാരവൽകരിക്കാൻ പറ്റില്ല; നിർമല സീതാരാമനെതിരെ ആർ ബിന്ദു

മരണത്തിന്റെ ഉത്തരവാദിത്തം അന്നയിലും കുടുംബത്തിന്മേലും ചാര്‍ത്തി കൈ കഴുകുന്ന നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാനാണെന്ന് ബിന്ദു

dot image

കൊച്ചി: ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാനാണെന്ന് ബിന്ദു വിമര്‍ശിച്ചു. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും ബിന്ദു പറഞ്ഞു. എന്നാല്‍ നിര്‍മലയുടെ പരാമര്‍ശത്തെ സ്ത്രീ ജനത തള്ളിക്കളഞ്ഞുവെന്നും ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

'അന്നയുടെ വേദനാകരമായ ജീവന്‍ വെടിയലിന്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാന്‍ ഉതകിക്കാണും, സ്ത്രീജനത പക്ഷെ അതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നത് ആവേശത്തോടെ കാണുന്നു. കുടുംബത്തിലും തൊഴിലിടങ്ങളിലും അടക്കമുള്ള ബഹുമുഖമായ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നവരാണ് സ്ത്രീകള്‍ പൊതുവില്‍. അവയിലെല്ലാം ഒരിളവും കൂടാതെ മികവ് കാത്തുസൂക്ഷിക്കാനും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും അവ സാധിക്കാതെ വരുമ്പോള്‍ ഇപ്പറഞ്ഞ ഇടങ്ങളില്‍ നിന്നെല്ലാം തുറുകണ്ണുകള്‍ നേരിടേണ്ടി വരുന്നതും ഓരോ സ്ത്രീക്കും അനുഭവമാണ്. അവ വരുത്തി വെക്കുന്ന ഭാരവും സമ്മര്‍ദ്ദവും നേരിടുന്നതില്‍ ഒരു കൂട്ടും അവര്‍ക്ക് താങ്ങാവാന്‍ പര്യാപ്തമാകാറുമില്ല. ഈ പൊതു അവസ്ഥയ്ക്ക് കൂടുതല്‍ ക്രൂരദംഷ്ട്ര കൈവന്നിരിക്കുകയാണ് കോര്‍പ്പറേറ്റ് കാലത്ത്. അതിന്റെ രക്തസാക്ഷിയാണ് അന്ന സെബാസ്റ്റ്യന്‍,' മന്ത്രി പറഞ്ഞു.

കോര്‍പ്പറേറ്റ് തൊഴില്‍ സംസ്‌കാരത്തിന്റെ സഹജമായ കുഴപ്പങ്ങള്‍ സ്ത്രീകളെ എത്ര നീതിരഹിതമായാണ് ബാധിക്കുന്നതെന്നത് കാണാന്‍ കഴിയാത്തത് നിര്‍മ്മല സീതാരാമന്റെ രാഷ്ട്രീയം എത്ര മാത്രം സ്ത്രീവിരുദ്ധമാണെന്നതിന് അടിവരയിടുന്നതാണെന്നും ബിന്ദു വിമര്‍ശിച്ചു. തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് ഐടി മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അധിക സമ്മര്‍ദ്ദം നിസ്സാരവല്കരിച്ച് കൊണ്ട് ഇനി മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

'നിങ്ങളുടെ ദുര്‍നയങ്ങളാണ് അടുക്കള വിട്ട് അരങ്ങിലെത്തുന്ന സ്ത്രീജനതയെ അതിലും വലിയ തടങ്കല്‍ പാളയത്തില്‍ കുരുക്കാന്‍ ഇടവരുത്തുന്നതെന്നത് സുവ്യക്തമായി വരികയാണ്. തൊഴിലെടുക്കുന്ന ആത്മാഭിമാനമുള്ള ഓരോ സ്ത്രീയും അവരുടെ പ്രസ്ഥാനങ്ങളും നിങ്ങളെയും നിങ്ങളുടെ രാഷ്ട്രീയത്തെയും വിചാരണ ചെയ്യുകതന്നെ ചെയ്യും. അതിന്റെ തുടക്കമാണ് അന്നയ്ക്ക് നീതി കിട്ടാത്തതിനെതിരെയും നിര്‍മ്മലയുടെ ഒളിയജണ്ടക്കെതിരെയും പൊതുസമൂഹത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന പ്രതിഷേധ സ്വരങ്ങള്‍,' ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നുമായിരുന്നു അന്നയുടെ മരണത്തില്‍ നിര്‍മല സീതാരാമന്‍ നടത്തിയ വിചിത്രപരാമര്‍ശം. 'രണ്ട് ദിവസം മുന്‍പ് ഒരു പെണ്‍കുട്ടി മരിച്ചതായി പത്രത്തില്‍ കണ്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന ചില മൂല്യങ്ങള്‍ കൂടി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. എത്ര പഠിച്ച് മുന്നേറിയാലും ദൈവവിശ്വാസം വേണം. എല്ലാ സമ്മര്‍ദ്ദങ്ങളെയും നേരിടാന്‍ ഒരു ഉള്‍ശക്തി വേണം. ദൈവത്തില്‍ വിശ്വസിച്ചാല്‍ സമ്മര്‍ദ്ദങ്ങളെ നേരിടാനാകും വീട്ടില്‍ നിന്നും സമ്മര്‍ദ്ദത്തെ നേരിടാന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം,' എന്നായിരുന്നു നിര്‍മല സീതാരാമന്റെ പരാമര്‍ശം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us