ചെന്നൈ: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന വിചിത്രവും നിന്ദ്യവുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ചെറുപ്പക്കാരോടും സ്ത്രീകളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് മുതിര്‍ന്ന ഒരു മന്ത്രിയില്‍ നിന്നും ഉണ്ടായത്. ബേഠി പഠാവോ, ബേഠി ബച്ചാവോ എന്ന് ബിജെപി പറയുന്ന മുദ്രാവാക്യത്തിന്റെ കാപട്യമാണ് നിര്‍മ്മല സീതാരാമന്റെ വാക്കുകളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അമിത ജോലി ഭാരമാണ് മകളുടെ മരണത്തിന് കാരണമെന്ന് അന്നയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ആരോപണത്തില്‍ നടപടിയെടുക്കാതെ അന്നയെയും അവരുടെ മാതാപിതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിച്ച് നിര്‍മ്മല സീതാരാമന്‍ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
അന്നയുടെ മരണത്തില്‍ നിര്‍മ്മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമായിരുന്നു. സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കുട്ടികള്‍ക്ക് പറഞ്ഞു കാെടുക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ വിചിത്രവാദം.
ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു നിര്‍മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്.
ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇ. വൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അനിത സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നു. ഇതിന് ശേഷവും പണിയെടുക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്ന് അച്ഛന്‍ സിബി ജോസഫും പറഞ്ഞിരുന്നു.
ഇന്ത്യയിലെ നാലാമത്തെ ബഹുരാഷ്ട്ര കമ്പനിയാണ് ഏണസ്റ്റ് ആന്‍ഡ് യങ്. അന്നയുടെ മരണത്തിന് ശേഷം നിരവധി പേര്‍ കമ്പനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മാനസിക പീഡനം, നിയമ വിരുദ്ധമായി സ്ഥാപനത്തില്‍ നിന്ന് പുറത്താക്കല്‍, അവധി അനുവദിക്കാതെയുള്ള ജോലി സമ്മര്‍ദം തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതി കമ്പനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.