തിരുവനന്തപുരം: വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടതോടെ വേണാട് എക്സ്പ്രസിൽ യാത്രക്കാർക്ക് ദുരിതം. ട്രെയിനിനുള്ളിൽ യാത്രക്കാർ തല കറങ്ങി വീണു. ഇന്ന് രാവിലെ പിറവത്താണ് സംഭവം. അരമണിക്കൂറോളം നിർത്തിയിട്ട ശേഷമാണ് വേണാട് എക്സ്പ്രസ് യാത്ര തുടർന്നത്.
കാലുകുത്താൻ പോലും ഇടമില്ലാതെയാണ് വേണാട് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ ജനറല്‍ കോച്ചുകളിലെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മറ്റ് മെമു സർവീസുകളില്ലാത്തതിനാൽ ഇത്തരം ട്രെയിനുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ശ്വസിക്കാനോ വെള്ളം കുടിക്കാനോ പോലും പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് മണിക്കൂറുകളോളം വന്ദേഭാരതിന് കടന്നുപോകാൻ വേണാട് ഉൾപ്പെടെയുള്ള ട്രെയിനുകൾ പിടിച്ചിടുന്നത്. വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ വേണാടിന്റെ സമയക്രമം മാറ്റിയതും യാത്രക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്.
കനത്ത ചൂടിലും തിക്കിലും തിരക്കിലും പെട്ട് രണ്ട് യാത്രക്കാരാണ് വേണാടിൽ കുഴഞ്ഞു വീണത്. സംഭവത്തിന് പിന്നാലെ നിരവധി യാത്രക്കാരാണ് വിമർശനവുമായി രംഗത്തെത്തിയത്. വേണാട് എക്സ്പ്രസിലെ ദുരിത യാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയിൽവെ ഇടപെടുന്നില്ലെന്ന ആരോപണവും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. വേണാട് എക്സ്പ്രസിൽ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുക, ട്രെയിന്‍ പിടിച്ചിടാത്ത രീതിയിൽ സമയക്രമം പാലിക്കുക, മെമു സർവീസുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രക്കാർ മുന്നോട്ടുവെക്കുന്നത്.
രാവിലെ ഓഫീസിൽ പോകേണ്ടവരും വിദ്യാർത്ഥികളും ഉൾപ്പെടെ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്. 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ സമയം മാറ്റി 5.25ന് ആക്കിയിരുന്നു. ഏറെ വൈകിയാണ് ട്രെയിൻ ഷൊർണൂരിൽ എത്തുന്നത്.
പിറവം ഏറ്റുമാനൂർ സ്റ്റേഷനുകളിൽ നിന്നാണ് നേരത്തെ തിരക്ക് അനുഭവപ്പെടാറെന്നും എന്നാൽ ഇപ്പോൾ ചെങ്ങന്നൂർ തിരുവല്ല മുതൽ ട്രെയിനിൽ യാത്രക്കാരുടെ തിരക്കായിരിക്കുമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹി ശ്രീജിത്ത് റിപ്പോർട്ടറിനോട് പറഞ്ഞു.
'വാതിൽപ്പടിയിലും ബാത്റൂമിന്റെ ഇടനാഴിയിലും ബാത്റൂമിനുള്ളിൽ പോലും നിന്ന് പോകേണ്ട അവസ്ഥയാണ്. ടിക്കറ്റ് എടുത്തിട്ടും ട്രെയിൻ വരുമ്പോള്‍ പലപ്പോഴും യാത്രക്കാർക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്. സ്ഥിരയാത്രക്കാർക്ക് മറ്റ് വഴിയില്ലാത്തത് കൊണ്ടാണ് ദുരിത യാത്രയെ തന്നെ ആശ്രയിക്കേണ്ടി വരുന്നത്', അദ്ദേഹം പറഞ്ഞു.