കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല. മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണ് നടിയുടെ പരാതിയെന്നായിരുന്നു സിദ്ദിഖിന്റെ പ്രധാന വാദം. പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തതയില്ല. ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണ്. പരാതിക്കാരി സാധാരണക്കാരിയല്ല. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെന്നും സിദ്ദിഖ് പറയുന്നു.
അതേസമയം സിദ്ദിഖിനെതിരെ തെളിവുകളുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നുമാണ് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എസ്‌ഐടി അന്വേഷിക്കുന്ന കേസാണിത്. മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവനടിയുടെ പരാതി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് നടന്‍ സിദ്ദിഖ്.
അതിനിടെ ലൈംഗികാതിക്രമ കേസില്‍ നടന്‍ മുകേഷ് എംഎല്‍എയെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍.