സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍? ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് എസ്‌ഐടി

നടന്‍ ഒളിവില്‍ പോയെന്നാണ് സൂചന

dot image

കൊച്ചി: നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം. ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിലവില്‍ സിദ്ദിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. താരം ഒളിവില്‍ പോയെന്നാണ് സൂചന.

മുന്‍രൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സിദ്ദിഖിന്റെ അറസ്റ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിമാനത്താവളത്തില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എഎംഎംഎ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന താരം രാജ്യം വിടാതിരിക്കാനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ അഭിഭാഷകന്‍ വഴി സിദ്ദിഖ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വിവരങ്ങളും പുറത്തേക്ക് വരുന്നുണ്ട്. വിധി ന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് സുപ്രിംകോടതിയെ സമീപിക്കാനാണ് നടന്റെ നീക്കം.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടത്. തുടര്‍ന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

2017ല്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്.

പ്രോസിക്യൂഷന് വേണ്ടി ഹാജരായത് പി നാരായണനാണ്. നേരത്തെ പത്തോളം തെളിവുകള്‍ സീല്‍ വെച്ച കവറുകളില്‍ പല ഘട്ടങ്ങളിലായി നാരായണന്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. പരാതി നല്‍കാന്‍ വൈകുന്നത് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വെളിപ്പെടുത്തല്‍ പുറത്തുവന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ മൊഴിയെ അവിശ്വസിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us