കൊച്ചി: പരിസ്ഥിതി ദുര്‍ബല പ്രദേശവുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം ഉടന്‍ പുറത്ത് വരാനിരിക്കെ പശ്ചിമഘട്ട മേഖലയിലെ താമസക്കാര്‍ ആശങ്കയില്‍. സംസ്ഥാനത്ത മലയോര കര്‍ഷകരും വലിയ ആശങ്കയിലാണ്. ജനവാസ മേഖലയെയും വിജ്ഞാപനം സാരമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കാടും നാടും തമ്മില്‍ എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ നടത്തിയ ലൈവത്തോണില്‍ നിരവധിപ്പേരാണ് ആശങ്കകള്‍ അറിയിച്ച് രംഗത്തെത്തിയത്. കരട് വിജ്ഞാപനത്തില്‍ തിരുത്തല്‍ വരുത്തേണ്ട കാലാവധി അഞ്ച് ദിവസത്തിനകം അവസാനിക്കുമെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം നിലവില്‍ വരുന്നതോടെ കോഴിക്കോട് മാത്രം പത്ത് വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല മേഖലയാകും. ഈ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പുതുക്കിയ വിജ്ഞാപനത്തിലെ അപാകതകള്‍ക്ക് എതിരെ പരാതി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകള്‍ കോടതിയെ സമീപിക്കുന്നത്. പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും ഇതേ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്.
കേന്ദ്രത്തിന്റെ പുതുക്കിയ വിജ്ഞാപനത്തോടെ ജില്ലയില്‍ ചക്കിട്ടപ്പാറ, ചെമ്പനോട, കട്ടിപ്പാറ, മടവൂര്‍, കോടഞ്ചേരി, നെല്ലിപ്പൊയില്‍, പുതുപ്പാടി, തിരുവമ്പാടി, കാവിലുംപാറ, തിനൂര്‍ തുടങ്ങിയ പത്ത് വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല മേഖലയായി തുടരും. ഇഎസ്എയില്‍ നിന്ന് ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഒഴിവാക്കുന്നതിന് പരാതികള്‍ അയക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
അതേസമയം കോഴിക്കോട് ജില്ലയിലെ എംപിമാരുടെ നേതൃത്വത്തില്‍ കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട് എന്നിങ്ങനെ 5 പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ജനപ്രതിനിധികളും സംയുക്തമായി യോഗം ചേര്‍ന്നുവെന്നും ഈ വിഷയത്തില്‍ ഓരോ പഞ്ചായത്ത് ഭരണസമിതിയും പ്രത്യേകമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും കോഴിക്കോട് എംപി എം കെ രാഘവന്‍ പ്രതികരിച്ചു.
'പശ്ചിമഘട്ട ജനസംരക്ഷണ സമിതി ഇതിനൊപ്പം ഉണ്ട്. കോഴിക്കോട് ജില്ലയിലെ 8 പഞ്ചായത്തുകളെയാണ് വിജ്ഞാപനം ബാധിക്കുകയെങ്കിലും ഇടതുപക്ഷം ഭരിക്കുന്ന ചക്കിട്ടപ്പാറ, കാവിലും പാറ , നരിപ്പറ്റ പഞ്ചായത്തുകള്‍ കോഴിക്കോട് ജില്ലയിലെ എംപിമാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തിട്ടില്ല. നേരത്തെ പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് ജനവാസമേഖലകള്‍ ഒഴിവാക്കുന്നതിനായി ജില്ലാതല പരിശോധന സമിതി രൂപീകരിച്ചിരുന്നു. ഈ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
കേരളം നല്‍കിയ കണക്ക് പ്രകാരം കേരളത്തില്‍ 131 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കപ്പെടും. ഇതു പ്രകാരം ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ കൃഷിയും ജീവിതവും സ്തംഭിക്കുമെന്ന് കര്‍ഷര്‍ പറയുന്നത്. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതില്‍ പ്രദേശം പരിസത്ഥിതി ലോലമാണെന്ന് എഴുതി ചേര്‍ത്താല്‍ അതോടെ ആ മേഖലയില്‍ ഒരു ഇടപാടും നടക്കാത്ത രീതിയിലാകുമെന്ന ആശങ്കയും പ്രദേശവാസികള്‍ മുന്നോട്ട് വെക്കുന്നു.
സെപ്റ്റംബര്‍ 29ന് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ജനങ്ങളുടെ ആശങ്കകള്‍ അറിയിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ അന്തിമ മാപ് സമര്‍പ്പിക്കണം. ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കി കൊണ്ട് അന്തിമ മാപ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതില്‍ ആശങ്ക വേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. എന്നാല്‍ ആ മാപ് എവിടെയെന്ന് പ്രദേശ വാസികള്‍ ചോദിക്കുന്നു.
സെപ്റ്റംബര്‍ രണ്ടിന് ബയോഡൈവേഴ്‌സിറ്റി വകുപ്പിൻ്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ട മാപ് കേരള കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാപില്‍ പരിസ്ഥിതി ലോല മേഖലകള്‍ എന്ന് പറഞ്ഞ് മഞ്ഞ ലൈന്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയ ഭാഗത്ത് ജനവാസ മേഖലഖകള്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പരിസ്ഥിതി ലോല വില്ലേജുകള്‍ എന്ന് പറഞ്ഞ് ചുവന്ന ലൈനില്‍ രേഖപ്പെടുത്തിയ മാപില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്തിമ മാപ് തയ്യാറാക്കിയത്. അതേസമയം ഈ മാപ് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതിന് മുമ്പ് കാണമെന്നാണ് ജനങ്ങളുടെ ആവശ്യം.