കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ആരോപണങ്ങളില്‍ നട്ടം തിരിയുമ്പോഴും ആരോപണ വിധേയരെ ചേര്‍ത്തു പിടിക്കാനാണ് മുഖ്യമന്ത്രിയുടെ വ്യഗ്രതയെന്ന് സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. രാജാവിനൊപ്പമുള്ളവര്‍ നഗ്‌നരാണെന്ന് വിളിച്ചുപറഞ്ഞ എംഎല്‍എയുടെ രാഷ്ട്രീയ ഡിഎന്‍എ പരതുന്നതിലാണ് മുഖ്യമന്ത്രിക്കു താല്‍പര്യമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 'ആരെയാണ് മുഖ്യമന്ത്രി തോല്‍പ്പിക്കുന്നത്' എന്ന തലകേട്ടോടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം.
'അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നേരാംവഴിക്കുള്ള അന്വേഷണം നടത്തുന്നതിനു പകരം ഇഷ്ടക്കാരനായ എഡിജിപിയെ ന്യായീകരിക്കാനും പൊതിഞ്ഞുകാക്കാനും കാണിക്കുന്ന അമിതാവേശം സര്‍ക്കാരിനെ മാത്രമല്ല മുന്നണി സംവിധാനത്തെ കൂടിയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അന്‍വറിന്റെ പരാതികള്‍ക്കു ചെവികൊടുക്കുന്നെന്ന തോന്നല്‍ പൊതുസമൂഹത്തിലുണ്ടാക്കാന്‍ തുടക്കത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉത്സാഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തോടെ ഇരയ്ക്കൊപ്പമല്ല ഇരപിടിയന്‍മാര്‍ക്കൊപ്പമാണ് തങ്ങളെന്ന് മുഖ്യമന്ത്രി മറവില്ലാതെ പറയുകയുണ്ടായി. തൊട്ടുപിന്നാലെ അന്‍വറിനെ തള്ളി സിപിഎമ്മും പ്രസ്താവനയിറക്കി. ഘടകകക്ഷികളെപ്പോലും നിശബ്ദരാക്കി എന്തിനാണ് ഒരു എഡിജിപിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇത്ര തിടുക്കംകാട്ടുന്നത്,' മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
എന്തിനും പൊലീസിന്റെ മനോവീര്യം തകര്‍ക്കരുത് എന്നാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും അധികാരത്തിലേറിയ അന്നുമുതല്‍ ഇതാണ് മുഖ്യമന്ത്രിയുടെ പൊലീസ് നയമെന്നും സുപ്രഭാതത്തില്‍ സൂചിപ്പിക്കുന്നു. 'കസ്റ്റഡിക്കൊലകള്‍ ആവര്‍ത്തിച്ചപ്പോഴും മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നപ്പോഴും യുഎപിഎ കേസില്‍ യുവാക്കളെ തടവിലാക്കിയപ്പോഴും ഇതുതന്നെയായിരുന്നു പല്ലവി. അഴിമതിയും സ്വര്‍ണക്കവര്‍ച്ചയും അവിഹിത സ്വത്തുസമ്പാദനവും കൊലപാതകപ്രേരണയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എംആര്‍ അജിത്കുമാറിന് രക്ഷാകവചമൊരുക്കാനും മുഖ്യമന്ത്രി പ്രയോഗിക്കുന്ന വാക്ക് 'പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെ'ന്നതുതന്നെ,' മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ മുഖ്യമന്ത്രിക്ക് അസ്വാഭാവികത തോന്നിയില്ലെന്നും കാക്കിയഴിച്ചയുടന്‍ കാവിയണിയുന്നവരും പൊലീസിലുണ്ടെന്നും മുഖപ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാരുടെ ഇടത്താവളമായി കേരള പൊലീസ് മാറുന്നത് ആഭ്യന്തരവകുപ്പിനും ഭൂഷണമല്ല. ക്രിമിനല്‍ പൊലീസുകാരുടെ മനോവീര്യത്തിനു മുകളിലാണ് ജനങ്ങളുടെ മനസെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും സുപ്രഭാതം പറയുന്നു.