ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹം; കണ്ടെത്തിയത് 71 ദിവസത്തിന് ശേഷം, കണ്ണീരോടെ മനാഫും ജിതിനും

മൃതദേഹം അർജുന്റേതാണെന്നാണ് മനാഫും ജിതിനും പറയുന്നത്. ഇനി കൂടുതൽ പരിശോധനകൾക്ക് ശേഷമായിരിക്കും ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടാകുക

dot image

ഷിരൂർ: കാണാതായി 71 ദിവസത്തിന് ശേഷം അ‍ർജുന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. ഡ്രഡ്ജർ ഉപയോ​ഗിച്ച് പുറത്തെടുത്ത ട്രക്കിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ക്യാബിനുള്ളിലായിരുന്ന മൃതദേഹം പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. മൃതദേഹം അർജുന്റേതുതന്നെയാണെന്നാണ് മനാഫും ജിതിനും പറയുന്നത്. ഇനി കൂടുതൽ പരിശോധനകൾക്ക് ശേഷമായിരിക്കും ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടാകുക. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.

രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്താണ് ലോഹഭാ​ഗങ്ങൾ പുറത്തെത്തിച്ചത്. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു. നേരത്തെ തിരച്ചിലിൽ അർജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിർണായക കണ്ടെത്തലുണ്ടായത്. റിട്ട. മേജർ ജനറൽ ഇന്ദ്രപാലൻ രേഖപ്പെടുത്തിയ കോൺടാക്റ്റ് പോയിന്റ് ടുവിൽ വച്ചാണ് വാഹനം കണ്ടെത്തിയത്.

ക്യാബിൻ തകർന്ന നിലയിലായിരുന്നു. അർജുനെ രക്ഷിക്കാനായില്ലെങ്കിലും അവശേഷിപ്പ് കുടുംബത്തെ ഏൽപ്പിക്കണമെന്ന നിർബന്ധത്തിയിലായിരുന്നു ലോറി ഉടമ മനാഫും സഹോദരീ ഭർത്താവ് ജിതിനും. അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ചെന്നാണ് മനാഫ് പറയുന്നത്. എല്ലാവർക്കുമുള്ള ഉത്തരം ലഭിച്ചുവെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു ജിതിൻ.

ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി.

എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ പുനരാരംഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us