കൊച്ചി: പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ. അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ചെന്നൈയിലെത്തിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കി എന്ന ബന്ധുവായ പെൺകുട്ടിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യം തേടിയത്. ആരോപണം വ്യാജമെന്നും പെൺകുട്ടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പരാതിക്കാരി പറഞ്ഞു. തനിക്കെതിരെ കേസെടുത്തിട്ടുണ്ടോയെന്ന വിവരാവകാശ അപേക്ഷയ്ക്ക് പൊലീസ് മറുപടി നൽകിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് നടിക്കെതിരെ മുവാറ്റുപുഴ പൊലീസ് കേസെടുത്തത്. 16 വയസുള്ളപ്പോൾ സെക്‌സ് മാഫിയക്ക് വിൽക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തിൽ യുവതി ഡിജിപിക്ക് പരാതി നൽകിയിരുന്നു.
2014ലാണ് സംഭവം. പരാതിക്കാരിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് നടി. അന്ന് അവർ സിനിമയിൽ അഭിനയിക്കുകയാണെന്നും മറ്റൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു. 'പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷൻ കാലത്ത് അവർ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കാമെന്നും ഓഡിഷനിൽ പങ്കെടുക്കാമെന്നും പറഞ്ഞു. അങ്ങനെ താനും അമ്മയും ചെന്നൈയിലേക്ക് പോയി. തൊട്ടടുത്ത ദിവസം ഓഡിഷനെന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി.
അവിടെ ഒരു മുറിയിൽ അഞ്ചോളം ആളുകൾ ഉണ്ടായിരുന്നു. അതിൽ ഒരാൾ തനിക്ക് ഷെയ്ക്ക് ഹാൻഡ് നൽകി. മുടിയിൽ തഴുകി. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓക്കെയാണോ എന്ന് ചോദിച്ചു. അയാൾ ഓക്കെയാണെന്നും പറഞ്ഞു. ഇതോടെ എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് മനസിലായി. വീട്ടിൽ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവരുടെ മുഖം മാറി. ദേഷ്യപ്പെട്ടുകൊണ്ട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്ന് അവർ പറഞ്ഞു. അത് ശരിയല്ലെന്ന് തോന്നിയതോടെ ബഹളംവെച്ച് ഇറങ്ങിപ്പോരുകയായിരുന്നു,' യുവതി പറഞ്ഞിരുന്നു.
അതേസമയം മുകേഷിനെതിരായ പരാതിയിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേർക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്.