തിരുവനന്തപുരം: ഷിരൂരിൽ അർജുനെ കണ്ടെത്തിയതുവരെയുള്ള മാധ്യമങ്ങളുടെ ഇടപെടലിനെ പ്രശംസിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. മാധ്യമങ്ങൾ ചെയ്തത് നല്ല പ്രവർത്തിയെന്ന് മന്ത്രി പറഞ്ഞു. എല്ലാ സേനാംഗങ്ങൾക്കും നന്ദി അറിയിക്കുന്നു. ഒരു നാടു മുഴുവൻ അർജുൻ്റെ കുടുംബത്തോട് കൂടെയുണ്ടായിരുന്നു. നിലവിൽ ഷിരൂരിൽ നടക്കുന്നത് ട്രക്ക് കരയ്ക്ക് അടുപ്പിക്കാനുള്ള ശ്രമമാണ്. മൃതദേഹത്തിന് പഴക്കമുള്ളതുകൊണ്ടുതന്നെ അർജുൻ ആണെന്ന് ഉറപ്പ് വരുത്തണം. അതിനായി ഡിഎൻഎ ടെസ്റ്റ് നടത്തണം. 48 മണിക്കൂർ അതിനുവേണം. മൃതദേഹം നാട്ടിലെത്തിക്കുന്നത് സർക്കാർ ആയിരിക്കും. ബന്ധുക്കളോട് അക്കാര്യം അറിയിച്ചിട്ടുണ്ട്. ചുമതല കോഴിക്കോട് കളക്ടറിനാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
എൻസിപി സംസ്ഥാന വൈസ് പ്രസിഡൻറ് പി കെ രാജൻ മാസ്റ്റർക്കെതിരായ നടപടിയിലും അദ്ദേഹം പ്രതികരിച്ചു. വലിയ കുറ്റമല്ല ചെയ്തതെന്നും മന്ത്രി മാറുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരസ്യ പ്രസ്താവന ക്രിമിനൽ കുറ്റമല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പി കെ രാജനെ വിവാദ പരാമർശത്തിന്റെ പുറത്ത് പാർട്ടി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. എൻസിപിയിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകകയും തൃശൂരിൽ വിമത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തത്. സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോയുടേതാണ് നടപടി.
പി വി അൻവറിൻ്റേത് അവതരണ രീതിയിലെ പ്രശ്നമാണെന്നും ശശീന്ദ്രൻ പറഞ്ഞു. ഇടതുപക്ഷത്തിൻ്റെ ഭാഗമായ നിൽക്കുന്ന എംഎൽഎയ്ക്ക് എന്തെല്ലാം പരിമിതികൾ ഉണ്ടെന്ന് ആലോചിക്കാതെയായിരുന്നു പ്രസംഗം. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും തന്നെ പ്രകോപിപ്പിക്കാനാവില്ലെന്ന് അവിടെ വച്ച് തന്നെ പറഞ്ഞുവെന്നും ശശീന്ദ്രൻ വ്യക്തമാക്കി.