തിരച്ചിലിന്റെ മുഴുവന്‍ ചിലവും വഹിച്ചത് കര്‍ണാടക സര്‍ക്കാരാണ്, കേരളത്തിന്റെ നന്ദി അറിയിക്കുന്നു; എം കെ രാഘവന്‍

കര്‍ണാടക സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിജയിച്ചതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

dot image

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചിലിന്റെ മുഴുവന്‍ ചിലവും വഹിച്ചത് കര്‍ണാടക സര്‍ക്കാരാണെന്നും അതില്‍ കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും എം കെ രാഘവന്‍ എംപി. ഗംഗാവലിപ്പുഴയിലെ തിരച്ചിലില്‍ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദൗത്യം വിജയിച്ചുവെന്നും ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതില്‍ സംതൃപ്തിയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കെ സി വേണുഗോപാലും എം കെ രാഘവന്‍ എം പിയും തിരച്ചില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിജയിച്ചതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

കര്‍ണാടക മുഖ്യമന്ത്രിയോട് നന്ദി പറയുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായിട്ടും പിന്‍മാറാത്ത കര്‍ണാടക സര്‍ക്കാരിനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും 71 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ലക്ഷ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പലരും പല ആരോപണങ്ങളും ഉന്നയിച്ചിരുന്നുവെന്നും അതിനുള്ള മറുപടി ഇപ്പോള്‍ പറയുന്നില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു. കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും മലയാള മാധ്യമപ്രവര്‍ത്തകരോട് നന്ദി പറയുന്നുവെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ലോറിയും മൃതദേഹവുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ പകുതിയോളം ഭാഗങ്ങള്‍ കണ്ടെത്തി. അവശേഷിക്കുന്നവ ലോറിക്കുള്ളില്‍ ഉണ്ടാകാനാണ് സാധ്യത. നിര്‍ദ്ദേശപ്രകാരം അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് കൈമാറും. നാളെയും പ്രദേശവാസികളായ ജഗന്നാഥനും ലോകേഷിനുമായുള്ള തിരച്ചില്‍ തുടരും.

'പലരും പറഞ്ഞിരുന്നു പണം അനാവശ്യമായി ചിലവഴിക്കുന്നതാണ്, മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനാണ് എന്നൊക്കെ. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു. ഇനി ഞങ്ങളുടെ പൗരന്മാര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കും'; അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) മടങ്ങിപ്പോകരുതെന്നാണ് ആഗ്രഹം. നിങ്ങള്‍ കാരണമാണ് ഇന്ന് ഞങ്ങള്‍ പോലും ഇവിടെ നില്‍ക്കുന്നത്. ഗംഗാമാതാവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ജുനെ കാണാതായി തിരച്ചില്‍ ആരംഭിച്ചത് മുതല്‍ തിരച്ചിലിന് പരിപൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു സതീഷ് കൃഷ്ണ സെയില്‍.

കാണാതായി 72ാം പക്കമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നത്. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനില്‍ കുടുങ്ങിയ നിലയില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത്. നിരവധി സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.

ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടാകുകയും ചെയ്തതിന് പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം.

ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഓഗസ്റ്റ് പതിനാറിന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനമാണ് ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചതോടെ പുനരാരംഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us