അച്ഛനാണെന്ന് തെളിയിക്കാന്‍ രേഖ ചോദിച്ചു, സഖാക്കള്‍ പഠിപ്പിച്ച ചോദ്യങ്ങള്‍ ചോദിച്ചു; ആശ ലോറന്‍സ്

വളരെ മോശമായാണ് കമ്മിറ്റി അംഗങ്ങള്‍ തന്നോട് പെരുമാറിയതെന്ന് ആശ ലോറന്‍സ്

dot image

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അഡൈ്വസറി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരായതിന് ശേഷം പ്രതികരണവുമായി മകള്‍ ആശ ലോറന്‍സ്. വളരെ മോശമായാണ് കമ്മിറ്റി അംഗങ്ങള്‍ തന്നോട് പെരുമാറിയതെന്ന് ആശ ലോറന്‍സ് പറഞ്ഞു. അച്ഛനാണ് എന്ന് തെളിയിക്കുന്നതിന്റെ രേഖകള്‍ വരെ കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സഖാക്കള്‍ പറഞ്ഞു പഠിപ്പിച്ച ചോദ്യങ്ങളാണ് തന്നോട് കമ്മിറ്റി ചോദിച്ചതെന്നും ആശ പറഞ്ഞു.

കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ പ്രതാപ് സോമനാഥ്, ഫോറന്‍സിക്ക് വിഭാഗം മേധാവി, അനാട്ടമി മേധാവി, സൂപ്രണ്ട്, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണോ, പഠനാവശ്യത്തിന് കൈമാറണോ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് പ്രിന്‍സിപ്പല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനായിരുന്നു തീരുമാനം. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാരോപിച്ചാണ് ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിന് നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറന്‍സ് ആവശ്യപ്പെട്ടു. അതേസമയം ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നായിരുന്നു സഹോദരന്‍ സജീവന്റെ ആരോപണം.

ഹര്‍ജി കൊടുപ്പിച്ചത് ബിജെപിക്കാരാണ്. മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞു. പിതാവ് എക്കാലവും കമ്മ്യൂണിസ്റ്റുകാരനെന്നും സജീവന്‍ പറഞ്ഞു. പിതാവിന്റെ മൃതദേഹം വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രം താനും മറ്റൊരു സഹോദരിയും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. മൃതദേഹം വിട്ടു നല്‍കുന്നതിന് പിതാവും താത്പര്യം പ്രകടിപ്പിരുന്നു. ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ആശ ഇതുമാത്രമല്ല ചെയ്തിരിക്കുന്നത്. ഇതിന് മുന്‍കാല ചരിത്രമുണ്ട്. മുന്‍പ് പിതാവിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ ആശ രംഗത്തുവന്നതാണ്. അതിന് പിന്നില്‍ ചില ആളുകളുണ്ടായിരുന്നുവെന്നും സജീവന്‍ വ്യക്തമാക്കി.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image