'നെഹ്‌റു ചാടിക്കയറിയ നടുഭാഗം ചുണ്ടന്‍ ദ്രവിക്കുന്നു, കാണുമ്പോള്‍ ചങ്കുപൊടിയുന്നു'; റിപ്പോർട്ടറിനോട് നാട്ടുകാർ

കോഫി വിത്ത് അരുണ്‍ കുമാറില്‍ ഇന്നത്തെ പ്രത്യേക പരിപാടിയായ റിപ്പോര്‍ട്ടര്‍ പുന്നമടക്കായലില്‍ വെച്ച് നടന്ന വിളംബര യാത്രയിലാണ് ലിനു ജോസഫ് നാട്ടുകാരുടെ സങ്കടം പങ്കുവെച്ചത്

dot image

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമിട്ട മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചാടിക്കയറിയ നടുഭാഗം ചുണ്ടന്‍ ശോചനീയവസ്ഥയിലാണെന്ന് നാട്ടുകാര്‍. നടുഭാഗം കരയിലിരുന്ന് വള്ളം നശിക്കുകയാണെന്ന് തുഴക്കാരനായ ലിനു ജോസഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തോമസ് ഐസക് മന്ത്രിയായിരുന്നപ്പോള്‍ നടുഭാഗം ചുണ്ടന്‍ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഫി വിത്ത് അരുണ്‍ കുമാറില്‍ ഇന്നത്തെ പ്രത്യേക പരിപാടിയായ റിപ്പോര്‍ട്ടര്‍ പുന്നമടക്കായലില്‍ വെച്ച് നടന്ന വിളംബര യാത്രയിലാണ് ലിനു ജോസഫ് നാട്ടുകാരുടെ സങ്കടം പങ്കുവെച്ചത്.

'നെഹ്‌റു ട്രോഫി തുടക്കക്കാരനായി ജവഹര്‍ലാല്‍ നെഹ്‌റു ചാടിക്കയറിയ നടുഭാഗം ചുണ്ടന്‍ നടുഭാഗം കരയിലിരുന്ന് ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. ആ ചുണ്ടന്‍ സ്മാരകമാക്കുമെന്ന് തോമസ് ഐസക് മന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞിരുന്നു. ഒരു ബോട്ട് മ്യൂസിയം ഉണ്ടാക്കി ചുണ്ടന്‍ ആ മ്യൂസിയത്തിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ആ വള്ളം അവിടെയിരുന്ന് ദ്രവിക്കുകയാണ്. തുഴച്ചില്‍കാരെന്ന നിലയില്‍, വള്ളം കളി പ്രേമിയെന്ന നിലയില്‍ അത് കാണുമ്പോള്‍ ചങ്കു പൊടിയുന്നു,' അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് വഴിയൊരുക്കിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് നാട്ടുകാര്‍ അഭിവാദ്യം അര്‍പ്പിച്ചു. സാധാരണ ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കാറുള്ളത്. ചൂരല്‍മല, മുണ്ടക്കൈ മണ്ണിടിച്ചിലില്‍ വള്ളം കളി നടത്താതെ മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ മാറ്റി വെച്ച വള്ളംകളി എപ്പോള്‍ നടക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയടക്കം ഇടപെട്ടാണ് വള്ളംകളി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ സര്‍ക്കാരിന്റെ ഭാഗമായി നല്‍കുന്ന ഒരു കോടി രൂപ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം 28ന് നടക്കാനിരിക്കുന്ന വള്ളംകളിയുടെ ആവേശത്തിലാണ് ഇപ്പോള്‍ എല്ലാ ക്ലബുകളും. 19 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍.

dot image
To advertise here,contact us
dot image