മലപ്പുറം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. 'അര്‍ജുന്‍- മനാഫ് ഈ നാട് ഇങ്ങനെയാണ്, പ്രിയപ്പെട്ട അര്‍ജുന് ആദരാഞ്ജലികള്‍' എന്നാണ് കുഞ്ഞാലിക്കുട്ടി കുറിച്ചത്.
അര്‍ജുന് നടന്‍ മമ്മൂട്ടിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 72 ദിവസം പ്രതീക്ഷയോടെ കുടുംബവും മലയാളികളും കാത്തിരുന്നു. എന്നാല്‍ ഇന്ന് വിട പറയേണ്ടി വന്നുവെന്ന് മമ്മൂട്ടി കുറിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അര്‍ജുന് മമ്മൂട്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
മമ്മൂട്ടിക്ക് പുറമെ നടി മഞ്ജു വാര്യരും സമൂഹ മാധ്യമങ്ങളിലൂടെ അര്‍ജുന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിരുന്നു. 'മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ. പ്രിയപ്പെട്ട അര്‍ജുന്‍, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും,' എന്നാണ് മഞ്ജു സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
കാണാതായി 71 ദിവസത്തിന് ശേഷമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. ഡ്രഡ്ജര്‍ ഉപയോ?ഗിച്ച് പുറത്തെടുത്ത ട്രക്കിനുള്ളില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ലോറിയുടെ ക്യാബിനുള്ളിലായിരുന്ന മൃതദേഹം പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. മൃതദേഹം അര്‍ജുന്റേതു തന്നെയാണെന്നാണ് മനാഫും ജിതിനും പറയുന്നത്. ഇനി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഔദ്യോ?ഗിക സ്ഥിരീകരണമുണ്ടാകുക.
രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്താണ് ലോഹഭാ?ഗങ്ങള്‍ പുറത്തെത്തിച്ചത്. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു. നേരത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിര്‍ണായക കണ്ടെത്തലുണ്ടായത്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍ രേഖപ്പെടുത്തിയ കോണ്‍ടാക്റ്റ് പോയിന്റ് ടുവില്‍ വച്ചാണ് വാഹനം കണ്ടെത്തിയത്.