പൂരം കലക്കിയതിൻ്റെ പ്രത്യുപകാരമായി കരുവന്നൂർ കേസ് ആവിയായി; മുഖ്യമന്ത്രി കള്ളനും പൊലീസും കളിക്കുന്നു:ചെന്നിത്തല

എഡിജിപിക്കും പി ശശിക്കും നല്‍കുന്ന സംരക്ഷണം എന്തുകൊണ്ടാണ് ഇ പി ജയരാജന് നല്‍കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

dot image

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലെ അന്വേഷണം പ്രഹസനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ ഒന്നും പുറത്ത് വരാന്‍ പോകുന്നില്ലെന്നും എഡിജിപിയെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഈ കൂടിക്കാഴ്ചയിലെ അന്വേഷണം ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുളള അടവാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

'തുടര്‍ അന്വേഷണം കൊണ്ട് ഗുണമുണ്ടാകുമെന്ന വിശ്വാസം ജനങ്ങള്‍ക്ക് ഇന്നില്ല. സര്‍ക്കാരില്‍ ആളുകള്‍ക്ക് വിശ്വാസമില്ല. പ്രതികളെ മുഴുവന്‍ സംരക്ഷിക്കുകയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി, എഡിജിപി എന്നിവരെ സംരക്ഷിക്കുന്നു. എഡിജിപിയെ സംരക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷം എന്ത് റിപ്പോര്‍ട്ടാണ് കീഴ് ഉദ്യോഗസ്ഥന്മാര്‍ എഴുതി നല്‍കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ ഏത് കീഴ് ഉദ്യോഗസ്ഥനാണ് എഡിജിപിക്കെതിരെ റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതെല്ലാം പ്രഹസനമാണ്. മുഖ്യമന്ത്രിക്ക് എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ കഴിവില്ല,' അദ്ദേഹം പറഞ്ഞു.

എഡിജിപിക്കും പി ശശിക്കും നല്‍കുന്ന സംരക്ഷണം എന്തുകൊണ്ടാണ് ഇ പി ജയരാജന് നല്‍കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആര്‍എസ്എസ് സിപിഐഎം തമ്മിലുള്ള കൂട്ടുകെട്ട് ഇപ്പോള്‍ പുറത്തുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി കള്ളനും പൊലീസും കളിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

'എന്തിന് കണ്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തിരുവനന്തപുരത്തും തൃശൂരും ബിജെപിയെ വിജയിപ്പിക്കാമെന്നായിരുന്നു ധാരണ. അതിന് വേണ്ടിയാണ് പൂരം കലക്കിയത്. ഇതിന്റെ പ്രത്യുപകാരമായാണ് കരുവന്നൂര്‍ കേസ് ആവിയായിപ്പോയത്. ഇത് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴുള്ള അന്വേഷണം എഡിജിപിയെ വെള്ളപൂശാനാണ്,' ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ച സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് പറഞ്ഞ ചെന്നിത്തല സിപിഐഎമ്മിന്റെയും ആര്‍എസ്എസിന്റെയും ആവശ്യം കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us