പീഡന പരാതി: സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും; തടസ ഹര്‍ജിക്കൊരുങ്ങി അതിജീവിത

തന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വസ്തുതകള്‍ അവഗണിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തത് എന്നാവും സിദ്ദിഖിന്റെ പ്രധാന വാദം.

dot image

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നടന്‍ സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോഹ്തഗിയുമായി ചര്‍ച്ച നടത്തിയിരുന്നു. സിദ്ദിഖിനെതിരെയുള്ള വിധിപ്പകര്‍പ്പും കൈമാറിയിട്ടുണ്ട്. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാവും ഹര്‍ജി നല്‍കുകയെന്നാണ് സൂചന. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും. തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ഹര്‍ജിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വസ്തുതകള്‍ അവഗണിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തത് എന്നാവും സിദ്ദിഖിന്റെ പ്രധാന വാദം.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചാല്‍ തുടക്കത്തിലേ തിരിച്ചടിയാകുമോ എന്ന ആശങ്കയും സിദ്ദിഖിന്റെ അഭിഭാഷകര്‍ക്കുണ്ട്. ഇതുകൂടി പരിഗണിച്ചാവും സിദ്ദിഖിന്റെ സുപ്രിംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ. അതേസമയം സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് തടസ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് അതിജീവിത. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കേള്‍ക്കാതെ ഒരു തീരുമാനവും എടുക്കരുതെന്ന് അതിജീവിത ആവശ്യപ്പെടും. ഇതിനായുള്ള ഹര്‍ജി രാവിലെ തന്നെ അതിജീവിത സുപ്രീംകോടതിയില്‍ നല്‍കും. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര്‍ അതിജീവിതക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. എന്നാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിഷേധിച്ച ഹൈക്കോടതി സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശബ്ദതയില്‍ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയി. നിലവില്‍ സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്. 2016 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവ നടി മൊഴി നല്‍കിയിരുന്നു. അന്നേ ദിവസത്തെ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ഹോട്ടലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us