അന്‍വര്‍ തിരുത്തണം, പ്രസ്താവന പാര്‍ട്ടിയെ തളര്‍ത്തുന്നതെന്ന് വിജയരാഘവന്‍

ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ വിഷയങ്ങള്‍ അന്‍വര്‍ പാര്‍ട്ടീ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും വിജയരാഘവന്‍

dot image

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തിരുത്തണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. അന്‍വറിന്റെ പ്രസ്താവന പാര്‍ട്ടിയെ തളര്‍ത്തുന്നതാണെന്നും ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ വിഷയങ്ങള്‍ അന്‍വര്‍ പാര്‍ട്ടി ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ സഹായിക്കാന്‍ വേണ്ടിയല്ല. പ്രസ്താവനകളില്‍ പാര്‍ട്ടി പരിശോധിച്ചു തീരുമാനം എടുക്കും. പാര്‍ട്ടിക്ക് ഒരു ശൈലിയുണ്ട്. അതില്‍ ഒരു മാറ്റവുമില്ല. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ട് പറയും'; വിജയരാഘവന്‍ പറഞ്ഞു.

അതേസമയം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ വിമര്‍ശനങ്ങളാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. പിണറായി ഭരണത്തെ വിമര്‍ശിച്ച അന്‍വര്‍ എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണെന്ന് കൂട്ടിച്ചേര്‍ത്തു. സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കൊപ്പം പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് പി വി അന്‍വര്‍ ഉന്നയിച്ചത്. പി ശശി കാട്ടുകള്ളനാണെന്നും പി ശശിയാണ് മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയും എഡിജിപി അജിത് കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് താന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേട്ടഭാവം നടിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.

dot image
To advertise here,contact us
dot image