കൊച്ചി: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകാനുള്ള തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് മകൾ ആശ ലോറൻസ്. കഴിഞ്ഞ ദിവസം എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകുമെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഉപദേശക സമിതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീൽ നൽകാനുള്ള ആശയുടെ നീക്കം. ഉപദേശക സമിതിയുടെ തീരുമാനം സ്വാധീനങ്ങൾക്ക് വഴങ്ങിയാണെന്നും ആശ ആരോപിച്ചു.
മൃതദേഹം വൈദ്യപഠനത്തിന് വിടുന്നത് സംബന്ധിച്ചാണ് കളമശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയെ രൂപീകരിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രതാപ് സോമനാഥ്. പ്രിൻസിപ്പൽ, ഫോറൻസിക്ക് വിഭാഗം മേധാവി, അനാട്ടമി മേധാവി, സൂപ്രണ്ട്, വിദ്യാർത്ഥി പ്രതിനിധി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ആശ നേരത്തെ നൽകിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ എം എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
വിഷയത്തിൽ മെഡിക്കൽ കോളേജ് ഉപദേശക സമിതിക്ക് തീരുമാനമെടുക്കാൻ അനുവാദവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും മൃതദേഹം വൈദ്യപഠനത്തിന് കൈമാറാൻ തീരുമാനിക്കുകയുമായിരുന്നു.
ലോറൻസിന്റെ മക്കളുടെ വാദങ്ങൾ വിശദമായി കേട്ടുവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് പറഞ്ഞു. വൈദ്യപഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ എം എൽ സജീവൻ ആവർത്തിച്ചു. രണ്ട് സാക്ഷികളും ഇതേ നിലപാട് എടുത്തു. മകൾ സുജാത കൃത്യമായി നിലപാട് എടുത്തില്ല. മകൾ ആശ എതിർപ്പ് ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വളരെ മോശമായാണ് കമ്മിറ്റി അംഗങ്ങൾ തന്നോട് പെരുമാറിയതെന്ന് ആശ ലോറൻസ് പറഞ്ഞു. അച്ഛനാണ് എന്ന് തെളിയിക്കുന്നതിന്റെ രേഖകൾ വരെ കാണിക്കാൻ ആവശ്യപ്പെട്ടുവെന്നും സഖാക്കൾ പറഞ്ഞു പഠിപ്പിച്ച ചോദ്യങ്ങളാണ് തന്നോട് കമ്മിറ്റി ചോദിച്ചതെന്നും ആശ ആരോപിച്ചിരുന്നു.