ഷിരൂര്‍: മരണം വരെ മനസ്സില്‍ ഉണ്ടാകുന്ന സ്ഥലമാണ് ഷിരൂര്‍ എന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബമാണ് പെട്ടെന്ന് ഒരു ദിവസം ചിന്നിച്ചിതറിയതെന്നും ആ കുടുംബത്തിന് താങ്ങായി നില്‍ക്കണമെന്ന അര്‍പ്പണബോധം തന്നില്‍ ഉണ്ടായിരുന്നുവെന്നും ജിതിന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. അര്‍ജുന്‍ ഉറങ്ങിയ സ്ഥലമാണ് ഇത്. കുടുംബത്തിന് ഇവിടെ വരണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അര്‍ജുന്‍ അവസാനം ഇരുന്ന സ്ഥലത്ത് ഇരുന്നൊന്ന് കരയണമെന്ന് അമ്മയും കൃഷ്ണപ്രിയയുമെല്ലാം പറഞ്ഞിരുന്നു.
അര്‍ജുന്‍ എനിക്ക് ഒരു അളിയന്‍ മാത്രമായിരുന്നില്ല. ഞങ്ങള്‍ക്ക് എന്ത് പ്രശ്‌നം വന്നാലും ആദ്യം ഓടിയെത്തിയിരുന്നത് അര്‍ജുനാണ്. മൂന്നാംഘട്ട തെരച്ചിലിലാണ് ഞങ്ങള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടായിരുന്നത്. തെരച്ചിലിന്റെ ഘട്ടങ്ങളിലെല്ലാം എന്നെ ചേര്‍ത്തുനിര്‍ത്തിയ ആളാണ് എ കെ എം അഷ്‌റഫ് എംഎല്‍എ. എം കെ രാഘവനും ഒരുപാട് ഒപ്പം നിന്നു. ഈശ്വര്‍ മാല്‍പെ വലിയ ധൈര്യമാണ് തന്നതെന്നും ജിതിന്‍ പറഞ്ഞു.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഡിഎന്‍എ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ.
മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുബംത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. മണ്ണിടിച്ചിലില്‍ കാണാതായ മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.