അൻവറിന് ആവശ്യം അന്വേഷണമല്ല, കള്ളക്കടത്തുകാരുടെ കാര്യം ഉയർത്തിപ്പിടിക്കൽ: എം സ്വരാജ്

സ്വജ്ജനപക്ഷപാതമില്ലാത്തതാണ് സിപിഐഎമ്മിന്റെ കുറവെങ്കിൽ അത് പരിഹരിക്കാനാകില്ലെന്ന് അൻവറിനോട് എം സ്വരാജ്

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഐഎമ്മിനുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ പി വി അൻവറിനെതിരെ സിപിഐഎം നേതാവ് എം സ്വരാജ്. ഇടതുപക്ഷം വിട്ടുപോകാൻ കാരണമുണ്ടാക്കുകയാണ് അൻവറെന്ന് സ്വരാജ് പറഞ്ഞു. സർക്കാരിനെ അൻവർ ആക്ഷേപിക്കുകയാണ്. അന്വേഷണമോ നടപടികളോ അല്ല അൻവറിന് ആവശ്യം. കള്ളക്കടത്തുകാരുടെ കാര്യം ഉയർത്തിപ്പിടിക്കുകയാണ് അൻവർ ചെയ്യുന്നത്. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് മോശമാണെന്നും സ്വരാജ് പറഞ്ഞു.

ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അൻവറിന്റെ ഉദ്ദേശശുദ്ധിയെത്തന്നെ സംശയത്തിലാക്കുകയാണ്. കള്ളക്കടത്തുകാർ പറയുന്നതിനനുസരിച്ച് ഭരിക്കാനാവില്ല. അവരുടെ വാക്കുകൾ വിശ്വസിച്ച് ആരോപണമുന്നയിക്കരുത്. അൻവർ വലതുപക്ഷത്തിൻ്റെ ചതിക്കുഴിയിൽ വീണിരിക്കുകയാണ്. സാധാരണക്കാരുടെ പ്രതീക്ഷയാണ് സിപിഐഎം. അൻവർ എംഎൽഎ വലതുപക്ഷത്തിൻ്റെ നാവായിമാറി. സർക്കാർ ശരിയായ ദിശയിലാണ് പോകുന്നത്. എന്നാൽ അൻവറിൻ്റേത് ഇടതുപക്ഷ വിരുദ്ധ നിലപാടാണ്. ഇതെല്ലാം ജനം പുച്ഛിച്ചുതള്ളുമെന്നും സ്വരാജ് പറഞ്ഞു.

സിപിഐഎമ്മിൽ സ്വജ്ജനപക്ഷപാതമില്ലെന്നും രാഷ്ട്രീയത്തിൽ ഇത്തിരി സ്വജ്ജനപക്ഷപാതം വേണമെന്നുമാണ് അൻവർ പറയുന്നത്. എന്നാൽ സിപിഐഎമ്മിന് അത് അം​ഗീകരിക്കാനാകില്ല. സിപിഐഎം സ്വജ്ജനപക്ഷപാതത്തിന് എതിരാണ്. സ്വജ്ജനപക്ഷപാതമില്ലാത്തതാണ് സിപിഐഎമ്മിന്റെ കുറവെങ്കിൽ അത് പരിഹരിക്കാനാകില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന് അൻവർ പറയുന്നു. എന്നാൽ കേരളത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടന്നിട്ട് എത്രകാലമായി. ഇത് മാറ്റമാണെന്നും സ്വരാജ് പറഞ്ഞു. ഈ സർക്കാരിന്റെ വിലയറിയണമെങ്കിൽ മുൻ യുഡിഎഫ് സ‍ർക്കാരിനെ ഒന്ന് ഓർത്താൽ മതി. ഉമ്മൻചാണ്ടി സർക്കാരിനെ തീവെട്ടിക്കൊള്ളയുടെ സർക്കാരെന്ന് വിളിച്ചത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ്.

താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്നാണ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞത്. പാര്‍ട്ടി അഭ്യര്‍ത്ഥന മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി ഓഫീസിലെ മരംമുറി ഉള്‍പ്പെടെ താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

എസ് പി ഓഫീസിലെ മരംമുറി, സ്വര്‍ണം പൊട്ടിക്കല്‍, റിദാന്‍ വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമല്ലെന്നാണ് പി വി അന്‍വറിന്റെ ആരോപണം.

പിണറായി ഭരണത്തെ അതിരൂക്ഷമായ ഭാഷയിലാണ് പി വി അന്‍വര്‍ എംഎല്‍എ പരിഹസിച്ചത്. എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ സംഭാവന എന്താണെന്ന് ചോദിച്ചാല്‍ പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതെന്ന് പറയേണ്ടിവരുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥ. കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും പി വി അന്‍വര്‍ ചോദിച്ചു.

പി ശശി കാട്ടുകള്ളനാണെന്നും പി ശശി മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയും എഡിജിപി അജിത് കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് താന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേട്ടഭാവം നടിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ ഇന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us