കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. വലതുപക്ഷത്തിന്റെ കോടാലിക്കൈയായി അന്‍വര്‍ മാറുന്നുവെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു. അന്‍വര്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടും തുടര്‍ച്ചയായി സര്‍ക്കാറിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതും അന്‍വറിനെ ജയിപ്പിച്ച നിലമ്പൂരിലെ ജനങ്ങളോട് കാട്ടുന്ന മര്യാദയില്ലായ്മയാണെന്നും ജയരാജന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മാപ്പര്‍ഹിക്കാത്ത കുറ്റമാണ് അന്‍വര്‍ ചെയ്തത്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നുവരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളമ്പാന്‍ അന്‍വറിനായി. ഇങ്ങനെ പറഞ്ഞ അന്‍വര്‍ തന്നെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് പറയുകയും ചെയ്തു. ഒക്കത്തിരുന്ന് ചോരകുടിക്കുന്നതു പോലെ ആയിപ്പോയില്ലേ അന്‍വറിന്റെ പ്രതികരണം? യുഡിഎഫ് നേതാക്കളേക്കാള്‍ ഇടതുവിരുദ്ധനായി അന്‍വര്‍ മാറുകയാണോ,' ജയരാജന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനെ പ്രകീര്‍ത്തിക്കുന്നതല്ല, അപമാനിക്കുന്നതാണ് അന്‍വറിന്റെ പ്രതികരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്താകെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷഭരണം. അന്‍വര്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ക്രമസമാധാന പരിപാലനരംഗത്തും കേരളം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ അന്‍വറിന്റെ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യുമെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അന്‍വറിന്റെ ആരോപണങ്ങള്‍ ആരെ സഹായിക്കാന്‍?
വലതുപക്ഷത്തിന്റെ കോടാലിക്കൈയായി പി വി അന്‍വര്‍ മാറുന്നത് പ്രതിഷേധാര്‍ഹമാണ്. സിപിഐഎംന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായ സ്വതന്ത്ര നിയമസഭാംഗമായ പി വി അന്‍വര്‍ യുഡിഎഫിന്റെയും ബിജെപിയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കോടാലിക്കൈയായി മാറുകയാണ് എന്ന് പറയാതെ വയ്യ. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് അന്‍വര്‍ ചെയ്തത്. എസ്പി ഓഫീസിന്റെ മുമ്പിലിരുന്ന ഒറ്റയാന്‍ സമരവും വാര്‍ത്താസമ്മേളനം നടത്തിയതിന് ശേഷം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതും അന്‍വര്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടും തുടര്‍ച്ചയായി സര്‍ക്കാറിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതും അന്‍വറിനെ ജയിപ്പിച്ച നിലമ്പൂരിലെ ജനങ്ങളോട് കാട്ടുന്ന മര്യാദയില്ലായ്മയാണ്.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ നിഷ്‌കളങ്കനായിരുന്നു അന്‍വര്‍ എന്നാണ് ചിലരെങ്കിലും കരുതിയത്. അത് ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രി രാജിവെക്കണമെന്നും മറ്റുമുള്ള അന്‍വറിന്റെ പ്രതികരണം തെളിയിക്കുന്നത്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നുവരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളമ്പാന്‍ അന്‍വറിനായി. ഇങ്ങനെ പറഞ്ഞ അന്‍വര്‍ തന്നെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് പറയുകയും ചെയ്തു. ഒക്കത്തിരുന്ന് ചോരകുടിക്കുന്നതു പോലെ ആയിപ്പോയില്ലേ അന്‍വറിന്റെ പ്രതികരണം? യുഡിഎഫ് നേതാക്കളേക്കാള്‍ ഇടതുവിരുദ്ധനായി അന്‍വര്‍ മാറുകയാണോ?
യശശ്ശരീരനായ കോടിയേരി ബാലകൃഷ്ണനെ പ്രകീര്‍ത്തിക്കുന്നതല്ല, അപമാനിക്കുന്നതാണ് അന്‍വറിന്റെ പ്രതികരണം. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എന്തും വിളിച്ചുപറയുന്ന അന്‍വറിന്റെ സ്വഭാവം കാണുമ്പോള്‍ എന്ത് സംഭവിച്ചു എന്നാണ് ജനങ്ങള്‍ അത്ഭുതപ്പെടുന്നത്. രാജ്യത്താകെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷഭരണം. അന്‍വര്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ക്രമസമാധാന പരിപാലനരംഗത്തും കേരളം ഒന്നാമതാണ്. ഇതൊന്നും അന്‍വര്‍ കാണുന്നില്ലേ. ദേശീയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ 46 എണ്ണമാണ് ഇതിനകം എല്‍ഡിഎഫ് സര്‍ക്കാറിനെ തേടിയെത്തിയത്. അന്‍വര്‍ ഇപ്പോള്‍ ഉന്നയിച്ചതുപോലെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിച്ചതല്ല. ഇപ്പോഴുള്ള വെളിപ്പെടുത്തലുകള്‍ ആര്‍ക്കുവേണ്ടിയാണെന്ന് അന്‍വര്‍ പറയണം. ജനങ്ങള്‍ ആ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും.
എം വി ജയരാജന്‍