എന്‍സിപിയില്‍ ഭിന്നതരൂക്ഷം; വൈസ് പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്ത് പി സി ചാക്കോ; പ്രതികാര നടപടിയെന്ന് ശശീന്ദ്രൻ

പി കെ രാജനെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ സസ്‌പെന്‍ഡ് ചെയ്തത്

dot image

കൊച്ചി: എന്‍സിപിയില്‍ വിഭാഗീയത കടുപ്പിച്ച് സസ്‌പെന്‍ഷന്‍. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റുന്നതിനെതിരെ തൃശ്ശൂരില്‍ യോഗം വിളിച്ച സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു. പി കെ രാജനെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ എ കെ ശശീന്ദ്രന്‍ നിലപാട് പരസ്യപ്പെടുത്തിയതോടെ വിഭാഗീയത ശക്തമായി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. ദേശീയ സമിതി അംഗം കൂടിയായ പി കെ രാജന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ അഖിലേന്ത്യാ നേതൃത്വത്തിന് മാത്രമെ പാര്‍ട്ടി ഭരണഘടനാ പ്രകാരം അധികാരമുള്ളൂ. പ്രതികാര നടപടികളില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് പിന്മാറണമെന്ന് എ കെ ശശീന്ദ്രന്‍ അറിയിച്ചു.

ഏതുവിധേനയും ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുമെന്ന ഉറച്ച നിലപാടിലാണ് ഔദ്യോഗിക നേതൃത്വം. എന്നാല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ എല്ലാ ജില്ലകളിലും ഗ്രൂപ്പുയോഗങ്ങള്‍ വിളിച്ച് പ്രതിരോധം ശക്തമാക്കാനാണ് ശശീന്ദ്രന്റെ നീക്കം. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയരുതെന്നും അങ്ങനെയൊരു തീരുമാനം എടുക്കേണ്ടതുണ്ടെങ്കില്‍ സംസ്ഥാന നേതാക്കളുടെ കൂടിയാലോചനയ്ക്ക് ശേഷം മാത്രമെ പാടുള്ളൂവെന്നും തൃശ്ശൂരിലെ യോഗത്തില്‍ ഉയര്‍ന്നു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രാജന്‍, ജനറല്‍ സെക്രട്ടറി എ വി വല്ലഭന്‍, സെക്രട്ടറി രഘു കെ മാരാത്ത്, തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി എല്‍ ജോയ്, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us