തെറ്റ് തിരുത്താനുള്ളതെന്ന് പോരാളി ഷാജി, പാര്‍ട്ടിയാണ് വലുതെന്ന് റെഡ് ആര്‍മി; പിന്തുണച്ചും എതിർത്തും പോസ്റ്റ്

തെറ്റുകള്‍ തിരുത്താന്‍ ഉള്ളതാണ്. മസില്‍ പിടിച്ച് നിന്നതുകൊണ്ടായില്ലെന്നും പോരാളി ഷാജി ഫേസ്ബുക്കില്‍ കുറിച്ചു

dot image

കണ്ണൂർ: പി വി അന്‍വറിനെ പിന്തുണച്ച് പോരാളി ഷാജി. ഫേസ്ബുക്കിലൂടെയാണ് പോരാളി ഷാജി പി വി അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചത്. ഐസ്‌ക്രീം കേസ് അട്ടിമറിച്ചത് ആരാണെന്ന് പോരാളി ഷാജി ഫേസ്ബുക്കിലൂടെ ചോദിച്ചു. നേതാക്കള്‍ അല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും പോരാളി ഷാജി പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഉള്ളതാണ്. മസില്‍ പിടിച്ച് നിന്നതുകൊണ്ടായില്ലെന്നും പോരാളി ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, പി വി അന്‍വറിനെ എതിര്‍ക്കുന്ന നിലപാടാണ് റെഡ് ആര്‍മി സ്വീകരിച്ചത്. പാര്‍ട്ടിയാണ് വലുതെന്നും വ്യക്തിക്കല്ല പ്രാധാന്യമെന്നും റെഡ് ആര്‍മി ഫേസ്ബുക്കില്‍ കുറിച്ചു. അതിനിടെ അന്‍വറിനെതിരെയുള്ള സിപിഐഎം നേതാക്കളുടെ പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ അണികളുടെ തമ്മില്‍തല്ലാണ്. അന്‍വറിനെ എതിര്‍ത്ത് പാര്‍ട്ടിയാണ് വലുതെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, അന്‍വറിന്റെ ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് അന്‍വറിനെ അനുകൂലിക്കുന്നവരും പറയന്നു.

മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി രംഗത്തെത്തിയതോടെ അന്‍വറിനെ എതിര്‍ത്ത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. അന്‍വറിന്റെ നിലപാട് പാര്‍ട്ടിക്കെതിരാണെന്നും വിഷയം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലൂടെ അന്‍വര്‍ കൂടുതല്‍ പരിഹാസ്യനായെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. വലതുപക്ഷത്തിന്റെ ശൈലിയാണ് അന്‍വര്‍ പിന്‍തുടരുന്നതെന്നും അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് അന്‍വര്‍ വഞ്ചിച്ചതെന്നും പി ജയരാജന്‍ പറഞ്ഞു. വലതുപക്ഷത്തിന്റെ കോടാലിയായി അന്‍വര്‍ മാറുന്നത് പ്രതിഷേധാര്‍ഹമെന്നായിരുന്നു എം വി ജയരാജന്റെ പ്രതികരണം. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വര്‍ എന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. പി വി അന്‍വര്‍ ഇടതുപക്ഷം വിട്ടുപോകാന്‍ കാരണം ഉണ്ടാക്കുകയാണെന്ന് എം സ്വരാജും കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പി വി അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ യോഗ്യനല്ലെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയെന്നും അതിന് കാരണക്കാരന്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്നും അന്‍വര്‍ ആരോപിച്ചു. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ കുറ്റവാളിയാക്കുന്നതായിരുന്നു. പാര്‍ട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ലെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us