അന്‍വറിനോട് യോജിപ്പില്ല, ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളത്, മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രം: ചെന്നിത്തല

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ചെന്നിത്തല

dot image

തിരുവനന്തപുരം: അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി ഇരുന്നപ്പോള്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇപ്പോള്‍ സത്യമായി വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്‍വറിനോട് യോജിപ്പില്ലെങ്കിലും ഉന്നയിച്ച വിഷയങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എല്ലാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സിരാകേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ എട്ട് വര്‍ഷമായി ഭരണപക്ഷ എംഎല്‍എയാണ് പി വി അന്‍വര്‍. അന്‍വറിനോട് യോജിപ്പില്ല. പക്ഷേ അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി ഞാനിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമാണെന്നും അവിടെ സ്വര്‍ണക്കള്ളക്കടത്ത് പോലുള്ള രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഞാന്‍ ചൂണ്ടിക്കാട്ടിയത് സത്യമാണെന്ന് വന്നിരിക്കുന്നു. അന്ന് പലരുമത് വിശ്വസിച്ചില്ല. ഇന്നെങ്കിലും കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കട്ടെ. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമാണ്. എല്ലാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സിരാകേന്ദ്രമാണ് എന്ന് ഞങ്ങള്‍ പറഞ്ഞത് സത്യമാണെന്ന് വന്നിരിക്കുന്നു,' ചെന്നിത്തല പറഞ്ഞു.

ശക്തമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകള്‍ പുറത്തു വരുകയുള്ളുവെന്നും അതിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനമാണ് ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ ഉന്നയിച്ചത്. സ്വര്‍ണം പൊട്ടിക്കലില്‍ പൊലീസിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന ക്യാരിയര്‍മാരുടെ സംഭാഷണങ്ങളടക്കം പുറത്ത് വിട്ടാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. പി ശശി, എഡിജിപി എം ആര്‍ അജിത് കുമാര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി റിയാസ് തുടങ്ങിയവരെക്കുറിച്ചും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us