ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഡിഎന്‍എ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ.
മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുബംത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. മണ്ണിടിച്ചിലില്‍ കാണാതായ മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്. കര്‍ണ്ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് ഇന്നും തിരച്ചില്‍ തുടരുക.
ഗംഗാവലിപ്പുഴയില്‍ 12 മീറ്റര്‍ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. ഉച്ചയോടെ ഇത് പുഴയില്‍ നിന്ന് ഉയര്‍ത്തിയെങ്കിലും കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കരയ്‌ക്കെത്തിക്കുന്നതിനിടെ വടം പൊട്ടിയതിനാല്‍ ഇന്ന് ലോറി കരയിലേക്ക് മാറ്റുക. ഇന്ന് രാവിലെ എട്ട് മണിയോടെ ലോറി കരയ്‌ക്കെത്തിക്കാന്‍ ശ്രമം തുടരും.
ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറാവുകയായിരുന്നു.