കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾക്ക് തുടക്കമായി. കോടതിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്നത്തെ നടപടികൾ പൂർത്തിയായിട്ടുണ്ട്, നടൻ ദിലീപ്, പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ ഹാജരായിട്ടുണ്ട്. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികൾ നടന്നത്. പ്രതികകളുടെ വിസ്താരം നാളെയും തുടരും.
സെപ്റ്റംബർ 17നായിരുന്നു നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തൽ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. ഏഴര വർഷത്തിന് ശേഷമായിരുന്നു സുനിക്ക് ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സർക്കാർ വാദിച്ചെങ്കിലും കർശന ഉപാദികളോടെയാണ് ജാമ്യം നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ നിലവിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കൽ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമവാദം കേൾക്കാൻ ഇരിക്കെയാണ് പൾസർ സുനി ജയിൽ മോചിതനാകുന്നത്. ഇതിന് പുറമേ തന്നെ ആക്രമിച്ച ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
അതേസമയം കഴിഞ്ഞ ദിവസം മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ ദിലീപിന്റെ താൽപര്യമെന്തെന്ന് ചോദിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നതിൽ സംസ്ഥാന സർക്കാരിനില്ലാത്ത എതിർപ്പ് എട്ടാംപ്രതിക്ക് എന്തിനാണെന്നും കോടതി ആരാഞ്ഞു. അതിജീവിതയുടെ ഹർജിയിൽ എട്ടാം പ്രതിയായ ദിലീപിനെ എതിർകക്ഷിയായല്ല കക്ഷി ചേർത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രധാന കേസിലെ വിചാരണയും മെമ്മറി കാർഡിലെ അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകണമെന്നും ഹൈക്കോടതി പറഞ്ഞു. അതിജീവിതയുടെ ഹർജിയിൽ വാദം പൂർത്തിയായി, ഹൈക്കോടതി വിധി പറയാൻ മാറ്റിയിട്ടുണ്ട്.