തൃശൂർ: തൃശൂർ ദേശീയപാതയിൽ പട്ടാപ്പകൽ രണ്ടുകോടി രൂപയുടെ സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ നിർണായക തെളിവായത് സ്വകാര്യ ബസിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ. മൂന്നു കാറുകളിൽ എത്തിയ പത്തംഗ സംഘമാണ് സ്വർണം കവർന്നത്. ദേശീയപാതയിലൂടെ എത്തിയ സ്വകാര്യ ബസിൻ്റെ ക്യാമറയിലാണ് പത്തംഗ സംഘത്തിന്റെ കവർച്ച പതിഞ്ഞത്.
കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായത്തിയ സ്വർണ വ്യാപാരിയുടെ കാറാണ് പ്രതികൾ തടഞ്ഞത്. വ്യാപാരിയോടൊപ്പം ഒരു സുഹൃത്തും വാഹനത്തിൽ ഉണ്ടായിരുന്നു. അരുണ്‍ സണ്ണിയെന്ന സ്വര്‍ണ വ്യാപാരിയെയും സുഹൃത്ത് റോജി തോമസിനെയുമാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. ഇരുവരെയും മറ്റ് രണ്ടു കാറുകളിൽ കയറ്റുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
തൃശൂര്‍ കുതിരാന്‍ പാതയില്‍ കല്ലിടുക്കില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്വര്‍ണം തട്ടിയെടുത്തതിന് പിന്നാലെ റോജിയെ പുത്തൂരിലും, അരുണിനെ പാലിയേക്കര ടോളിന് സമീപത്തും ഇറക്കിവിട്ടു. തുടർന്ന് കാറുമായി കടന്നു കളഞ്ഞ പ്രതികൾ വാഹനം വഴിയിൽ ഉപേക്ഷിച്ചിരുന്നു. പ്രതികൾക്കായുളള തിരച്ചലിൽ നിർണായക ദൃശ്യങ്ങൾളാണ് തെളിവായി എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ആലപ്പുഴ സ്ലാങ്ങിലാണ് സംസാരിച്ചതെന്ന് അരുണ്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.