മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ രൂക്ഷ പരാമര്‍ശങ്ങളെ പ്രതിരോധിച്ച് സിപിഐഎം നേതാക്കള്‍. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വറെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് അന്‍വര്‍ നിലമ്പൂരില്‍ ജയിച്ചതെന്നും അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കെതിരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജീവന്‍ നല്‍കിയും രക്തം നല്‍കിയും ആയിരങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിനെ അന്‍വര്‍ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
'കേരളത്തിലെ ഏറ്റവും കൂടുതല്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണ് സിപിഐഎം. ജീവന്‍ നല്‍കിയും രക്തം നല്‍കിയും ആയിരങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിനെ അന്‍വര്‍ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാര്‍ട്ടി അണികള്‍ ഇതുവരെ ക്ഷമിച്ചു. എന്നാല്‍ പാര്‍ട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അന്‍വര്‍ ചെയ്യുന്നത്. കേരള രാഷ്ട്രീയത്തില്‍ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അന്‍വറിന് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. . ആരോപണങ്ങള്‍ ദിനവും ഉന്നയിക്കുക എന്നല്ലാതെ ഒരു തെളിവ് പോലും ഹാജരാക്കാന്‍ പി വി അന്‍വറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അന്‍വര്‍ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകും,' ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിടിക്കാന്‍ പൊലീസ് ഇറങ്ങിയതാണ് അന്‍വറിന്റെ പ്രശ്‌നം എന്ന് വ്യക്തമിക്കുന്നതാണ് ഇന്നത്തെ വാര്‍ത്ത സമ്മേളനമെന്ന് രാജ്യസഭാ എംപി എ എ റഹീം പറഞ്ഞു. അന്‍വര്‍ ഇപ്പോള്‍ എടുക്കുന്നത് സ്വര്‍ണക്കടത്ത് മാഫിയകളുടെ സെക്യൂരിറ്റി പണിയാണെന്നും പാര്‍ട്ടിയുടേതല്ലെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു. സ്വര്‍ണക്കടത്ത് ക്യാരിയര്‍മാരുടെ സംഭാഷണത്തിനിടയില്‍ എന്തുകൊണ്ട് അന്‍വര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണക്കടത്ത് പൊലീസ് പിടിക്കാനേ പാടില്ലെന്നാണോ അന്‍വറിന്റെ നിലപാടെന്നും അദ്ദേഹം കുറിച്ചു.
'അന്‍വറിന്റെ നിലപാട് എന്താണ്? സ്വര്‍ണ്ണക്കടത്ത് പൊലീസ് പിടിക്കുകയേ ചെയ്യരുതെന്നാണോ? അന്‍വര്‍ ആരോപിക്കുന്ന പൊലീസിന്റെ ഈ തട്ടിപ്പ് പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ പരമാവധി സ്വര്‍ണ്ണക്കടത്ത് ക്യാരിയര്‍മാരെയും അത് ചെയ്യിപ്പിക്കുന്നവരെയും പിടിക്കണം എന്നാണോ? ഇന്ന് അന്‍വര്‍ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ സ്വര്‍ണ്ണം ക്യാരി ചെയ്തു എന്ന് അവര്‍ തന്നെ സമ്മതിയ്ക്കുന്നു. അവരോട് അന്‍വര്‍ ഈ ചോദ്യങ്ങള്‍ ചോദിക്കാത്തത് എന്തുകൊണ്ട്? നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ട് വരുന്നത്? ആരാണ് കള്ളക്കടത്ത് സാധനം ഇവരുടെ കയ്യില്‍ കൊടുത്തു വിടുന്നത്? അന്‍വര്‍ പറയും അതെന്റെ ജോലിയല്ല, അത് പൊലീസാണ് ചെയ്യേണ്ടത് എന്ന്. ഇപ്പോള്‍ പൊലീസിന്റെ പണി സ്വയം എടുത്തു എന്ന് പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് സ്വര്‍ണ്ണം കടത്തിയവരോട് അതുകൂടി ചോദിയ്ക്കാത്തതിന്റെ കാരണം?,' റഹീം ചോദിക്കുന്നു
നേരത്തെ പൊലീസ് പിടിച്ച കേസുകളില്‍ ശക്തമായ നടപടിയ്ക്കും റിമാന്റിനും സാധിയ്ക്കില്ലായിരുന്നുവെന്നും ഇപ്പോള്‍ ഭാരതീയ ന്യായ സംഹിത പ്രകാരം റിമാന്റും ശക്തമായ നടപടികളും പൊലീസിനു തന്നെ ചെയ്യാന്‍ അധികാരമായെന്നും റഹീം പറഞ്ഞു. പൊലീസ് ഈ വകുപ്പ് പ്രകാരം നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെ കള്ളക്കടത്ത് കച്ചവടം പ്രതിസന്ധിയിലാകുമെന്ന് സ്വര്‍ണ്ണക്കടത്ത് മാഫിയകള്‍ക്ക് മനസ്സിലായെന്നും അന്‍വറെടുക്കുന്നത് അവരുടെ സെക്യൂരിറ്റി പണിയാണെന്നും റഹീം വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ നിരവധി നേതാക്കളാണ് അന്‍വറിനെതിരെ രംഗത്തെത്തിയത്.