'കേരളത്തിൽ ആർഎസ്എസിന്റെ കാര്യങ്ങൾ നടപ്പാക്കുന്നത് മുഖ്യമന്ത്രിയിലൂടെ'; അൻവറിന്റെ ആരോപണങ്ങളിൽ വി ടി ബൽറാം

'ലോക്നാഥ് ബഹ്റയെ ഡിജിപി ആക്കിയത് മുതൽ മുഖ്യമന്ത്രിയുടെ എല്ലാ നടപടികളും ആർഎസ്എസ്സുമായുള്ള ഡീലിന്റെ ഭാഗമായിരുന്നു'

dot image

പാലക്കാട്: വളരെ ഗൗരവമുള്ള ആരോപണങ്ങളാണ് അൻവർ ഉയർത്തിയിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. മുഖ്യമന്ത്രിയും നെക്സസിന് ഭാഗമാണെന്നുള്ളത് കഴിഞ്ഞ എട്ട് വർഷമായി കോൺഗ്രസ് പറയുന്ന കാര്യമാണെന്നും വി ടി ബൽറാം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. കേരളത്തിൽ ആർഎസ്എസിന്റെ കാര്യങ്ങൾ പിൻവാതിൽലിലൂടെ അല്ല നടപ്പാക്കുന്നത്, മുഖ്യമന്ത്രിയിലൂടെയാണ്.

ലോക്നാഥ് ബഹ്റയെ ഡിജിപി ആക്കിയത് മുതൽ മുഖ്യമന്ത്രിയുടെ എല്ലാ നടപടികളും ആർഎസ്എസ്സുമായുള്ള ഡീലിന്റെ ഭാഗമായിരുന്നു. സിപിഐഎമ്മിന് രാഷ്ട്രീയപരമായ അസ്ഥിത്വമുണ്ടെങ്കിൽ നിലപാട് തുറന്നു പറയാൻ തയ്യാറാവണം. എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ച നമുക്കാണ് പുതിയ അറിവ്, എല്ലാം മുൻകൂട്ടി അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം നടിച്ചത് താല്പര്യങ്ങളും ദൗത്യങ്ങളും നടപ്പാക്കാൻ വേണ്ടിയാണ്.

എൽഡിഎഫിൽ തുടരുന്ന കാലത്തോളം അൻവറിനെ കോൺഗ്രസിലേക്ക് ക്ഷണിക്കുകയില്ല. മുഖ്യമന്ത്രിയുടെ ജനപ്രീതി കുറഞ്ഞു എന്ന കാര്യം കേരളം ബോധ്യപ്പെടുത്തി തന്നതാണ്. പിണറായി വിജയൻ മുഖ്യമന്ത്രി ആയതുകൊണ്ട് മാത്രം കേരളത്തിലെ ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിൽ വിശ്വാസം ഇല്ലാതായി. സിപിഐഎമ്മിന്റെ സംഘപരിവാർ വിരുദ്ധത മുഖ്യമന്ത്രിയുടെ ഭരണപ്രവർത്തനങ്ങളിൽ കാണാൻ കഴിയുന്നില്ലെന്നും വി ടി ബൽറാം റിപ്പോർട്ടനോട് പറഞ്ഞു.

പിണറായി ഭരണത്തെ അതിരൂക്ഷമായ ഭാഷയിലാണ് പി വി അന്‍വര്‍ എംഎല്‍എ പരിഹസിച്ചത്. എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ സംഭാവന എന്താണെന്ന് ചോദിച്ചാല്‍ പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതെന്ന് പറയേണ്ടിവരുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥ. കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും പി വി അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് പി വി അന്‍വര്‍ ഉന്നയിച്ചത്. പി ശശി കാട്ടുകള്ളനാണെന്നും പി ശശി മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയും എഡിജിപി അജിത് കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് താന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേട്ടഭാവം നടിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ ഇന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

dot image
To advertise here,contact us
dot image